ഈ വർഷം മാർച്ച് പാദത്തിൽ ഇന്ത്യയിൽ ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തി ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ. പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നത് തുടരുമെന്ന് കമ്പനിയുടെ സിഇഒ ടിം കുക്ക് പറഞ്ഞു.
'ഇന്ത്യയിൽ ഞങ്ങൾ ശക്തമായ ഇരട്ട അക്കത്തിൽ വളർന്നു. ഞങ്ങളതിൽ വളരെ സന്തുഷ്‌ടരാണ്. ഇത് ഞങ്ങൾക്ക് ഒരു പുതിയ വരുമാന റെക്കോർഡാണ്.'- ടിം കുക്ക് പറഞ്ഞു. കമ്പനി ചാനലുകൾ വിപുലീകരിക്കുന്നത് തുടരുകയാണെന്നും ഇന്ത്യയിലും ഡെവലപ്പർ ഇക്കോസിസ്‌റ്റത്തിൽ പ്രവർത്തനം നടക്കുന്നുണ്ടെന്നും കുക്ക് പറഞ്ഞു.
'ഒരു ഡസനിലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഞങ്ങൾ വരുമാന റെക്കോർഡുകൾ ഇട്ടിട്ടുണ്ട്. ലാറ്റിനമേരിക്കയിലെയും മിഡിൽ ഈസ്‌റ്റിലെയും കാനഡ, ഇന്ത്യ, സ്പെയിൻ, തുർക്കി എന്നിവിടങ്ങളിലെ മാർച്ച് പാദത്തിലെ റെക്കോർഡുകളും ഇതിൽ ഉൾപ്പെടും' കുക്ക് കൂട്ടിച്ചേര്‍ത്തു.
കൊവിഡ് മഹാമാരിയുടെ തുടക്കം മുതൽ ലോകമെമ്പാടുമുണ്ടായ ഐഫോൺ വിൽപ്പനയിലെ കുത്തനെയുള്ള ഇടിവിനെ കുറിച്ചും ആപ്പിൾ വെളിപ്പെടുത്തി. നിര്‍മിത ബുദ്ധി (എഐ) ഉപയോഗിച്ച് ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിന് കമ്പനിയില്‍ സമ്മർദം വർദ്ധിക്കുകയാണെന്നും കുക്ക് പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മേഖലയിൽ ആപ്പിൾ വന്‍തോതില്‍ നിക്ഷേപം നടത്തുന്നുണ്ടെന്നും കുക്ക് പറഞ്ഞു.
Also Read : ഫോൺ വാങ്ങാന്‍ ബെസ്‌റ്റ് ടൈം; ആമസോൺ ഗ്രേറ്റ് സമ്മർ സെയിലിൽ കിടിലന്‍ ഓഫറുകൾ - Amazon Great Summer Sale