കൊല്‍ക്കത്ത : ബ്രിട്ടാനിയ കൊല്‍ക്കത്ത വിടുന്നില്ലെന്ന ഔദ്യോഗിക വിവരം പുറത്ത്. പശ്ചിമ ബംഗാൾ മുൻ ധനമന്ത്രിയും നിലവിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ സാമ്പത്തിക ഉപദേഷ്‌ടാവുമായ അമിത് മിത്ര നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ബ്രിട്ടാനിയയുടെ താരാതല യൂണിറ്റ് അടച്ചുപൂട്ടാന്‍ പോവുകയാണെന്ന തരത്തില്‍ വാർത്തകൾ ഇന്നലെ മുതല്‍ പ്രചരിക്കുന്നുണ്ട്.
ബ്രിട്ടാനിയ ഓഫിസിനെക്കുറിച്ച് ഇന്നലെ മുതൽ നടക്കുന്ന പ്രചാരണം മനപൂർവമാണെന്ന് അമിത് മിത്ര വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 'ബ്രിട്ടാനിയ ബംഗാളിൽ നിന്ന് ഓടിപ്പോയെന്നാണ് ആളുകൾ പറയുന്നത്, ഇത് പൂർണമായും അടിസ്ഥാനരഹിതവും ബോധപൂർവം ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ളതുമാണെ'ന്നും മിത്ര പറഞ്ഞു.
ബ്രിട്ടാനിയ കമ്പനിയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് ബരുൺ ബേദി വിദേശത്ത് നിന്ന് മുഖ്യമന്ത്രിയെ വിളിച്ചുവെന്നും, ബ്രിട്ടാനിയ കൊല്‍ക്കത്ത വിടില്ലെന്ന് ഉറപ്പ് നൽകിയതായും അമിത് മിത്ര മാധ്യമങ്ങളോട് പറഞ്ഞു.
'ഒരു കമ്പനിയെന്ന നിലയിൽ ബ്രിട്ടാനിയ ബംഗാളിനോട് പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നിലവിൽ ബംഗാളിൽ 1000 മുതൽ 1200 കോടി രൂപയുടെ ബിസ്‌ക്കറ്റുകൾ ബ്രിട്ടാനിയ ഉത്പാദിപ്പിക്കുന്നുണ്ട്, അത് തുടരും. ഇന്ത്യയിലെ ബിസ്‌ക്കറ്റിൻ്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ബംഗാൾ. അതുകൊണ്ട് ബ്രാട്ടാനിയ ബംഗാൾ വിടുന്ന പ്രശ്‌നമില്ലെ'ന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിൽ ബ്രിട്ടാനിയ കമ്പനിയെ കൂടുതൽ ശക്തമാക്കുമെന്ന് കമ്പനി സംസ്ഥാന സർക്കാരിന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അമിത് മിത്ര പറഞ്ഞു. പുതിയ നിക്ഷേപത്തിനും സാധ്യതയുണ്ട്. സംസ്ഥാന സർക്കാരുമായി ബ്രിട്ടാനിയ ഉടൻ ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.