സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ച് പൊതുമേഖല സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡ. മൂന്ന് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് വർധിപ്പിച്ചിരിക്കുന്നത്. മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും സാധാരണക്കാർക്ക് 7.25 ശതമാനവും പലിശ നിരക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതി 2024 ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വന്നു. കൂടാതെ മൺസൂൺ ധമാക്ക ഡെപ്പോസിറ്റ് സ്‌കീമും ബാങ്ക് അവതരിപ്പിച്ചു.
15 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള ആഭ്യന്തര ടേം നിക്ഷേപങ്ങൾക്ക് ബാങ്ക് ഓഫ് ബറോഡ 6 ശതമാനം പലിശ നിരക്ക് നൽകുന്നു. 7 മുതൽ 14 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന 3 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 4.25 ശതമാനം പലിശ നിരക്ക് ബാങ്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. 46 ദിവസം മുതൽ 90 ദിവസം വരെ 5.50 ശതമാനം നിരക്കിലും 91 ദിവസം മുതൽ 180 ദിവസം വരെയുള്ള നിക്ഷേപ കാലാവധിക്ക് 5.60 ശതമാനം നിരക്കിലുമാണ് പലിശ.
181നും 210നും ഇടയിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.75 ശതമാനം പലിശയും 211നും 270നും ഇടയിൽ കാലാവധി പൂർത്തിയാകുമ്പോൾ 6.15 ശതമാനവും പലിശ നിരക്ക് നൽകും. ഒരു വർഷത്തിൽ കൂടുതലും രണ്ട് വർഷം വരെ കാലാവധിയുമുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 6.85 ശതമാനം പലിശയും രണ്ട് വർഷത്തിൽ കൂടുതലും മൂന്ന് വർഷം വരെ കാലാവധിയുള്ളവയ്ക്ക് 7.15ശതമാനം പലിശയുമാണ് ബാങ്ക് വാഗ്‌ദാനം ചെയ്യുന്നത്. മൺസൂൺ ധമാക്ക ഡെപ്പോസിറ്റ് സ്‌കീം അനുസരിച്ച് 399 ദിവസങ്ങൾക്ക് 7.25 ശതമാനം പലിശ നിരക്കാണ് ലഭിക്കുക.
ALSO READ: ജിയോയെ വെല്ലാന്‍ ബിഎസ്‌എന്‍എല്‍-ടാറ്റ സഖ്യം; 4 ജി തരംഗവുമായി ഗ്രാമങ്ങളിലേക്ക്