ന്യൂഡൽഹി : ഫണ്ട് തിരിമറി ആരോപിച്ച് ഓഹരി വിപണിയില്‍ നിന്ന് വിലക്കും പിഴയും ഏര്‍പ്പെടുത്തിയ സെബിയുടെ ഉത്തരവ് അനിൽ അംബാനി അവലോകനം ചെയ്യുകയാണെന്നും നിയമോപദേശം അനുസരിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹത്തിന്‍റെ വക്താവ് അറിയിച്ചു. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ട വിഷയത്തിൽ 2022 ഫെബ്രുവരി 11ന് സെബി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവനുസരിച്ച് റിലയൻസ് ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡിന്‍റെയും റിലയൻസ് പവർ ലിമിറ്റഡിന്‍റെയും ബോർഡിൽ നിന്ന് അനില്‍ അംബാനി രാജിവച്ചിരുന്നതായും വക്താവ് പ്രസ്‌താവനയിൽ അറിയിച്ചു. കഴിഞ്ഞ രണ്ടര വർഷമായി ഇടക്കാല ഉത്തരവ് അനില്‍ അംബാനി പാലിക്കുന്നുണ്ടെന്നും പ്രസ്‌താവനയിൽ പറയുന്നു.
ഫണ്ട് തിരിമറി നടത്തിയെന്നാരോപിച്ച് അനില്‍ അംബാനിയേയും കമ്പനിയിലെ മറ്റ് 24 പേരെയും കഴിഞ്ഞ 22-ന് ആണ് ഓഹരി വിപണിയില്‍ നിന്ന് അഞ്ച് വർഷത്തേക്ക് സെബി വിലക്കിയത്. അനില്‍ അംബാനി ചെയർമാനായ റിലയൻസ് ഗ്രൂപ്പിന്‍റെ ലിസ്‌റ്റഡ് സബ്‌സിഡിയറിയായ റിലയൻസ് ഹോം ഫിനാൻസിൽ നിന്ന് പണം തട്ടിയെടുക്കാന്‍ പദ്ധതി ആസൂത്രണം ചെയ്‌തെന്നാണ് സെബിയുടെ കണ്ടെത്തല്‍. വിലക്കിന് പുറമേ അംബാനിക്ക് 25 കോടി രൂപ പിഴയും സെബി ചുമത്തിയിരുന്നു.
അതേസമയം, സെബിയുടെ നടപടികളിൽ തങ്ങള്‍ കക്ഷി ആയിരുന്നില്ല എന്ന് റിലയൻസ് ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡ് മറ്റൊരു പ്രസ്‌താവനയില്‍ വ്യക്തമാക്കി. റിലയൻസ് ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡിനെതിരായുള്ള നിർദേശങ്ങളൊന്നും ഉത്തരവിൽ നൽകിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. '2022 ഫെബ്രുവരി 11 ലെ സെബി നടപടികളിൽ പാസാക്കിയ ഇടക്കാല ഉത്തരവിന് പിന്നാലെ റിലയൻസ് ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡിന്‍റെ ഡയറക്‌ടർ ബോർഡിൽ നിന്ന് അനില്‍ അംബാനി രാജിവച്ചിരുന്നു. അതിനാൽ 2024 ഓഗസ്റ്റ് 22 ല്‍ സെബി പാസാക്കിയ ഉത്തരവില്‍ കമ്പനിയുമായി യാതൊരു ബന്ധവുമില്ല.'- പ്രസ്‌താവനയില്‍ പറയുന്നു.
അനിൽ അംബാനിയുടെ ഗ്രൂപ്പിലെ മറ്റ് ലിസ്റ്റഡ് കമ്പനിയായ റിലയൻസ് പവറും സമാനമായ പ്രസ്‌താവന പുറത്തുവിട്ടിട്ടുണ്ട്. 2022- ൽ അംബാനി രാജിവച്ചിരുന്നുവെന്നും പുതിയ സെബി ഉത്തരവിന് ഇതിൽ യാതൊരു സ്വാധീനവുമില്ലെന്നും പ്രസ്‌താവന വ്യക്തമാക്കുന്നു.
Also Read : റിലയൻസ് ഹോം ഫിനാൻസ് ഫണ്ട് തിരിമറി; അനിൽ അംബാനിക്ക് ഓഹരി വിപണിയില്‍ നിന്ന് വിലക്ക്