ഹൈദരാബാദ്: തെലങ്കാന സ്വദേശികളായ യുവാക്കളെ ചൈനയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. തട്ടിപ്പില്‍ കുടുങ്ങിയ ഏതാനും യുവാക്കളെ തിരികെ നാട്ടിലെത്തിച്ചതായി പൊലീസ്. മികച്ച ജോലിയും വരുമാനവും തേടി ചൈനയിലെത്തുന്ന യുവാക്കളെയാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.
കംബോഡിയയില്‍ എത്തിയ യുവാക്കളെയും സമാന രീതിയില്‍ ഉപയോഗപ്പെടുന്നത്തുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് പുറമെ യുവാക്കളെ മയക്ക് മരുന്ന് കടത്തലിനും ഉപയോഗിക്കുന്നുണ്ടെന്നാണ് സൂചന. സംസ്ഥാനത്ത് നിന്നും കംബോഡിയയിലേക്ക് യാത്ര തിരിച്ചവരുടെ വിവരങ്ങള്‍ നല്‍കാന്‍ ഇമിഗ്രേഷന്‍ അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇമിഗ്രേഷന്‍ വിവരങ്ങള്‍ ലഭിച്ചാല്‍ യാത്ര തിരിച്ചവരെ കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ചും അവരെ വിദേശത്തേക്ക് പോകാന്‍ സഹായിച്ച ഏജന്‍റുമാരെ കുറിച്ചും അറിയാന്‍ സാധിക്കും. ഇത്തരം വിവരങ്ങള്‍ ലഭിച്ചാല്‍ അതത് പൊലീസ് സ്റ്റേഷനുകളില്‍ അറിയിക്കാനാകും. വിദേശത്ത് ജോലി അന്വേഷിക്കുന്ന യുവാക്കളാണ് തട്ടിപ്പിന് ഇരയാകുന്നത്.
തൊഴില്‍ രഹിതരായ യുവാക്കളെ കണ്ടെത്തി ജോലി വാഗ്‌ദാനം ചെയ്യുന്ന ഏജന്‍റുമാര്‍ അവരെ വിദേശത്തേക്ക് കടത്തും. ചൈന, കംബോഡിയ എന്നിവയ്‌ക്ക് പുറമെ സിംഗപ്പൂർ, ദുബായ്, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കും യുവാക്കളെ കയറ്റിവിടുന്നുണ്ട്. സിംഗപ്പൂർ, ദുബായ്, ബാങ്കോക്ക് എന്നിവിടങ്ങളില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി ചേർന്നാൽ ഒരു വർഷത്തിനുള്ളിൽ സാമ്പത്തിക പ്രതിസന്ധികളെല്ലാം തരണം ചെയ്യാനാകുമെന്നും പറഞ്ഞ് യുവാക്കളെ വിദേശത്തേക്ക് അയക്കുന്ന ഏജന്‍റുമാരുമുണ്ട്.
ഇവരുടെ വാഗ്‌ദാനത്തില്‍ തെറ്റിദ്ധരിക്കുന്ന യുവാക്കള്‍ പണം നല്‍കി വിദേശത്തേക്ക് കടക്കുന്നു. ദുബായ് വഴിയാണ് സംഘം കംബോഡിയയിലേക്ക് യുവാക്കളെ കടത്തുന്നത്. വിദേശത്ത് എത്തുന്ന ഇവരെ ഏജന്‍റ് സൈബർ തട്ടിപ്പ് സംഘത്തിന് കൈമാറും. പിന്നാലെ പാസ്‌പോര്‍ട്ടും ഇവരുടെ രേഖകളും സംഘങ്ങള്‍ കൈവശപ്പെടുത്തും. ഇതോടെ മറ്റ് മാര്‍ഗങ്ങളില്ലാതെ ഇവര്‍ക്കൊപ്പം തട്ടിപ്പ് നടത്തേണ്ടതായി വരികയും ചെയ്യും.
മയക്ക് മരുന്ന് കടത്ത്, സിം കാര്‍ഡ് ഉപയോഗിച്ചുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, നിക്ഷേപ തട്ടിപ്പ്, കൊറിയര്‍ തട്ടിപ്പ് തുടങ്ങിയ തട്ടിപ്പുകള്‍ക്കായാണ് യുവാക്കളെ ഉപയോഗപ്പെടുത്തുന്നത്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് സംസ്ഥാനത്ത് നിന്ന് ജോലിക്കും വിദ്യാഭ്യാസത്തിനുമായി വിദേശത്തേക്ക് പോകുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബെംഗളൂരുവില്‍ ഒരു സ്‌ത്രീയെ പൊലീസ് പിടികൂടിയിരുന്നു.
വിദേശത്ത് മയക്കുമരുന്ന് ഏജന്‍റായി പ്രവര്‍ത്തിച്ച സ്‌ത്രീയാണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയ വഴി യുവതിക്ക് ജോലി വാഗ്‌ദാനം ചെയ്‌ത് ഒടുക്കം മയക്ക് മരുന്ന് ഏജന്‍റാക്കുകയായിരുന്നു. കംബോഡിയയിലും തെലങ്കാന സ്വദേശികളായ യുവാക്കള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. സംഭവത്തെ കുറിച്ച് ലഭിക്കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.