മഥുര : യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പരീക്ഷയായ സിവില്‍ സര്‍വീസിന്‍റെ ഫലം വന്ന ദിവസം തന്നെ, ആദ്യ ശ്രമത്തില്‍ വിജയിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ വൃന്ദാവന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള യമുനാനദീതീരത്തെ ചിര്‍ഘട്ടിലാണ് 27കാരനായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്.
സത്യം എന്ന് വിളിക്കുന്ന സത്യവീര്‍ സിങ്ങിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മഥുര ജില്ലയിലെ മഗോര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഷാപൂര്‍ ചെയിന്‍പൂര്‍ നിവാസി നിഹാല്‍ സിങ്ങിന്‍റെ മകനാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന സിവില്‍ സര്‍വീസ് പരീക്ഷാഫലത്തില്‍ ആദ്യശ്രമത്തില്‍ തന്നെ 710-ാം റാങ്ക് നേടാന്‍ സത്യവീര്‍ സിങ്ങിന് സാധിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്ത കുടുംബത്തെ തേടിയെത്തിയത്. ഇതോടെ സന്തോഷം വിലാപത്തിന് വഴിമാറി.
നാട്ടുകാരാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Also Read: സിവിൽ സർവീസിൽ മലയാളി തിളക്കം, റാങ്ക് ലിസ്റ്റിൽ ഇടം നേടിയത് 54 മലയാളികൾ, ആദ്യ 400 നുള്ളിൽ 22 പേർ
ഡല്‍ഹിയില്‍ യുപിഎസ്‌സി പരീക്ഷാപരിശീലനത്തിന് ശേഷം അടുത്തിടെയാണ് യുവാവ് തിരിച്ചെത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആരെങ്കിലും മകനെ കൊന്നതായിരിക്കാമെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം.