ജയ്‌പൂര്‍: മൺസൂൺ മഴയുടെ വരവോടെ, രാജസ്ഥാൻ്റെ വിവിധ ഭാഗങ്ങളിൽ നദികളും തോടുകളും കരകവിഞ്ഞു. ആരവല്ലി മേഖലയിൽ പെയ്‌ത കനത്ത മഴയെത്തുടർന്ന് പാലി ജില്ലയിലെ മാർവാർ ജങ്ഷൻ മേഖലയിൽ നിരവധി പ്രദേശങ്ങളിൽ തോടുകളും അഴുക്കുചാലുകളും നിറഞ്ഞൊഴുകുകയാണ്. ഇതിനിടെ മാർവാർ ജങ്ഷൻ ടൗണിലെ സൂര്യ നഗറിന് സമീപം ബൈക്ക് യാത്രികനായ യുവാവ് ഒഴുക്കിൽപ്പെട്ടു.
വെള്ളപ്പൊക്കത്തിൽ ബൈക്കുമായി യുവാവ് ഒലിച്ചുപോകുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്‌ച (ജൂൺ 29) വൈകുന്നേരമായിരുന്നു ദാരുണമായ സംഭവം. കലുങ്കിലൂടെ സഞ്ചരിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. കലുങ്കിന്‍റെ ഇരുവശത്തുമായി വെള്ളം കുത്തിയൊലിച്ചുപോകുന്നത് വീഡിയോയിൽ വ്യക്തമാണ്.
കലുങ്കിന് നടുവിൽ യുവാവ് കുടുങ്ങിക്കിടക്കുന്നതും വീഡിയോയിൽ കാണാം. ബൈക്ക് ഒഴുകിപ്പോകാതിരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവും ഒഴുക്കിൽപ്പെട്ടത്. ഇയാളെ രക്ഷിക്കാനായി മറ്റ് ചിലർ എത്തിയെങ്കിലും വെള്ളത്തിൻ്റെ ഒഴുക്ക് വർധിച്ചതിനാൽ അരികിലേക്ക് പോകാനായില്ല. പിന്നാലെ വിവരമറിഞ്ഞ് മാർവാർ ജങ്ഷൻ തഹസിൽദാർ കലുറാം പ്രജാപത്, സിഒ സോജത് ദേരാവർ സിങ് സോഡ എന്നിവരും ജീവനക്കാരും പ്രാദേശിക മുങ്ങൽ വിദഗ്‌ധരും സ്ഥലത്തെത്തി. പാലിയിൽനിന്നുള്ള സിവിൽ ഡിഫൻസ് സംഘവും രക്ഷാപ്രവർത്തനത്തിനായി എത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.
ALSO READ: പ്രളയക്കെടുതിയില്‍ വലഞ്ഞ് അസം; 12 ജില്ലകളിലെ രണ്ടരലക്ഷത്തോളം പേര്‍ ദുരിതത്തില്‍