ന്യൂഡല്‍ഹി : കവര്‍ച്ച സംഘത്തെ ചെറുക്കുന്നതിനിടെ കുത്തേറ്റ് യുവാവ് മരിച്ചു. ഈസ്റ്റ് ഡല്‍ഹി സ്വദേശിയായ നരേന്ദ്രനാണ് (34) മരിച്ചത്. വെള്ളിയാഴ്‌ച (ഫെബ്രുവരി 23) വൈകിട്ടാണ് സംഭവം. ഡല്‍ഹിയിലെ മധുവിഹാര്‍ ഏരിയയിലെ സിഎന്‍ജി ഗ്യാസ് സ്റ്റേഷന് സമീപത്ത് വച്ചാണ് നരേന്ദ്രനെ നാലംഗ സംഘം കുത്തി പരിക്കേല്‍പ്പിച്ചത്.
നരേന്ദ്രന്‍റെ ബാഗും മൊബൈല്‍ ഫോണും സംഘം കവരാന്‍ ശ്രമിച്ചതോടെ നരേന്ദ്രന്‍ തടഞ്ഞു. ഇതോടെയാണ് സംഘം നരേന്ദ്രനെ കുത്തി പരിക്കേല്‍പ്പിച്ചത്. മാരകമായി പരിക്കേല്‍പ്പിച്ചതിന് ശേഷം നരേന്ദ്രന്‍റെ ബാഗും മൊബൈല്‍ ഫോണും കവര്‍ന്ന സംഘം സ്ഥലം വിട്ടു. സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ നരേന്ദ്രനെ ലാൽ ബഹദൂർ ശാസ്‌ത്രി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
വിവരം അറിഞ്ഞ ഡല്‍ഹി പൊലീസ് സ്ഥലത്തെത്തി. അക്രമി സംഘത്തിനെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ഐപിസി സെക്ഷൻ 302, 397, 394, 392 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. അക്രമികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും പൊലീസ് പറഞ്ഞു.