ഹനമകൊണ്ട (തെലങ്കാന) : പ്രണയവിവാഹം നിരസിച്ചതിൻ്റെ പേരിൽ യുവതിയുടെ മാതാപിതാക്കളെ കൊലപ്പെടുത്തി യുവാവ്. ചെന്നറാവു പേട്ടിലെ പദഹാരു ചിന്തല തണ്ടയിലാണ് സംഭവം. പദഹാരു ചിന്തല തണ്ട സ്വദേശിയായ ബനോത്തു ശ്രീനിവാസ് (45), ബനോത്തു സുഗുണ (40) എന്നിവരാണ് കൊല്ലപ്പെട്ടത്.
പൊലീസ് നൽകുന്ന വിവരം അനുസരിച്ച്, ശ്രീനിവാസും സുഗുണയും അറിയാതെ മകൾ ദീപികയെ കഴിഞ്ഞ നവംബറിൽ കാമുകൻ ബണ്ണി വിവാഹം കഴിച്ചു. വിവരം അറിഞ്ഞതോടെ ജനുവരിയിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഇരുവിഭാഗത്തിനും കൗൺസിലിങ് നൽകി യുവതിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു. അന്നുമുതൽ യുവതി മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്.
മാതാപിതാക്കൾ യുവതിക്ക് മറ്റൊരു വിവാഹമാലോചിക്കുന്നുവെന്ന് അറിഞ്ഞ ബണ്ണി യുവതിയുടെ വീട്ടില്‍ എത്തുകയും വീടിനു മുന്നിൽ ഉറങ്ങുകയായിരുന്ന ശ്രീനിവാസിനെയും സുഗുണയേയും മൂർച്ചയേറിയ ആയുധം കൊണ്ട് ആക്രമിക്കുകയും ചെയ്‌തു. സുഗുണ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ശ്രീനിവാസ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയുമായിരുന്നു.
സംഭവത്തിൽ ദീപികയ്ക്കും സഹോദരൻ മദൻലാലിനും പരിക്കേറ്റിരുന്നു. ഇവരെ വിദഗ്‌ധ ചികിത്സയ്ക്കായി ഹനുമകൊണ്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Also Read: പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊന്നു: പിന്നാലെ യുവാവിന്‍റെ ആത്മഹത്യ ശ്രമം