പശ്ചിമ ബംഗാൾ : സ്വവർഗ പങ്കാളിയെ വിവാഹം കഴിക്കാനായി ഭാര്യയെ പിരിഞ്ഞ് യുവാവ്. പശ്ചിമബംഗാൾ സിയുരിയിലെ വസുദേവ് ചക്രവർത്തി സ്വവർഗ പങ്കാളിയായ അമിത് മാലിക്കിനെ വിവാഹം ചെയ്യുകയായിരുന്നു. സ്പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരമാണ് ഇവര്‍ വിവാഹിതരായത്.
യുവാക്കളുടെ തീരുമാനം അംഗീകരിച്ച് കുടുംബവും കൂടെ നിന്നു. ഹൗറയിൽ നടന്ന സ്വകാര്യ ചടങ്ങിൽ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇവരുടെ വിവാഹ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് (west bengal Youth unites with male partner).
സിയുരി കരിധ്യയിലെ സെൻപാറ സ്വദേശിയായ വസുദേവ് ഒരു വർഷം മുമ്പാണ് വിവാഹിതനായത്. ഭാര്യയുമായുള്ള വഴക്കുകൾ അവരുടെ ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഇതോടെ ആ വിവാഹബന്ധം അധികകാലം നീണ്ടുനിന്നില്ല. ഒടുവിൽ അവർ പിരിയാൻ തീരുമാനിക്കുകയായിരുന്നു. ആ വിവാഹമോചനമാണ് വസുവിൻ്റെയും അമിത്തിന്‍റെയും ബന്ധത്തിന് അടിത്തറയിട്ടത്. ഒടുവിൽ അവർ ഒരേ മേൽക്കൂരയിൽ ഒന്നിക്കാന്‍ തീരുമാനിച്ചു.
സ്വവര്‍ഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന സുപ്രീം കോടതി വിധി പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നതിന് തെളിവാണ് വസുദേവ് ചക്രവർത്തിയുടെയും അമിത് മാലിക്കിന്‍റെയും ഒത്തുചേരല്‍. ഇവരുടെ തീരുമാനം കുടുംബവും, സുഹൃത്തുക്കളും, സമൂഹവും പൂർണഹൃദയത്തോടെ അംഗീകരിക്കുകയായിരുന്നു.