വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ പത്ത് ലക്ഷം രൂപയുടെ ക്യാമറയ്ക്ക് വേണ്ടി യുവാവിനെ കൊന്ന രണ്ട് പേർ കസ്റ്റഡിയിൽ (Youth photographer killed in Andhra Pradesh for camera worth 10 lakhs). കോണസീമ ജില്ലയിലാണ് സംഭവം. റാവുലപാലം സ്വദേശികളായ ഷൺമുഖ തേജയും മറ്റൊരു യുവാവുമാണ് പിടിയിലായത്. മധുരവാഡ നഗരത്തിലെ ബക്കണ്ണപാലം സ്വദേശിയായ സായ് കുമാർ (23) ആണ് മരിച്ചത്.
ഫെബ്രുവരി 26നാണ് കോസിനാസ്‌പദമായ സംഭവം നടക്കുന്നത്. റാവുലപാലത്തിന് സമീപത്ത് വച്ചാണ് സായികുമാറിനെ ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. സായികുമാറിന്‍റെ മൃതദേഹം സംസ്‌കരിച്ച ശേഷം ഇരുവരും ക്യാമറയും മറ്റ് ഉപകരണങ്ങളുമായി രക്ഷപ്പെടുകയായിരുന്നു.
മരിച്ചയാളുടെ കുടുംബാംഗങ്ങളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. ഫെബ്രുവരി 29നാണ് കുടുംബം പിഎം പാലം പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത്.
യുവ ഫോട്ടോഗ്രാഫറായ സായ് കുമാർ വിവാഹ ചടങ്ങുകളുടെ ചിത്രീകരണത്തിനായി ദൂരസ്ഥലങ്ങളിൽ പോവാറുണ്ട്. റാവുലപാലത്ത് പത്ത് ദിവസത്തെ കല്യാണ ഫോട്ടോഷൂട്ട് ഉണ്ടെന്ന് പറഞ്ഞാണ് സായ് കുമാർ ക്യാമറയുമായി വീട്ടിൽ നിന്നും യാത്ര തിരിച്ചത്. എന്നാൽ മൂന്ന് ദിവസമായിട്ടും സായ് കുമാറിനെ കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതെ വന്നപ്പോഴാണ് ബന്ധുക്കൾ പൊലീസിൽ വിവരം അറിയിക്കുന്നത്.
വിശാഖപട്ടണത്ത് നിന്ന് ട്രെയിനിൽ കയറിയ സായ് കുമാർ രാജമഹേന്ദ്രവാരത്താണ് ഇറങ്ങിയത്. പിന്നീട് രണ്ട് യുവാക്കൾ കാറിൽ വന്ന് സായ് കുമാറിനെ കൂട്ടിക്കൊണ്ടുപോയി കൊലപാതകം നടത്തുകയായിരുന്നു. മരിച്ച സായ് കുമാറിന്‍റെ ഫോൺകോളുകളുടെ വിശദാംശങ്ങൾ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളിലൊരാളായ ഷൺമുഖ തേജയെ ചോദ്യം ചെയ്യുകയായിരുന്നു.
തുടർന്നാണ് കൊലപാതക വിവരം പുറത്തറിയുന്നത്. വിലപിടിപ്പുള്ള ക്യാമറയ്ക്കും മറ്റ് ഉപകരണങ്ങൾക്കും വേണ്ടിയാണ് സായ് കുമാറിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റൊരു യുവാവിനെയും കസ്റ്റഡിയിലെടുത്തതായി വിശാഖ സിപി രവിശങ്കർ പറഞ്ഞു.