മാണ്ഡി: ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിലും പർവതശിഖരത്തിലിരുന്ന് ധ്യാനിക്കുന്ന ഒരു ഹിന്ദു പുരോഹിതന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുളു ജില്ലയിലെ സെറാജ് താഴ്‌വരയിൽ നിന്നുള്ള വീഡിയോ ആണ് ഇപ്പോള്‍വൈറലാകുന്നത്. 40 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, മഞ്ഞുമൂടിയ പർവതശിഖരത്തിൽ മിതമായ മഞ്ഞുവീഴ്‌ചയ്‌ക്കിടയിൽ ഒരു സിദ്ധ യോഗി യോഗയിൽ മുഴുകിയിരിക്കുന്നത് കാണാം.
കുളു ജില്ല ബഞ്ചാർ സ്വദേശിയായ സത്യേന്ദ്ര നാഥാണ് യോഗിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 20 മുതൽ 22 വർഷമായി യോഗ പരിശീലിക്കുന്ന സത്യേന്ദ്രനാഥിന് മാണ്ഡി ജില്ലയിലെ ബാലിചൗക്കിയിൽ കൗലന്തക് പീഠ് എന്ന പേരിൽ ഒരു ആശ്രമം ഉണ്ട്. ചിലര്‍ ധ്യാനത്തെ സനാതന ധർമ്മവുമായി ബന്ധിപ്പിക്കുമ്പോൾ മറ്റുള്ളവർ അതിനെ AI ജനറേറ്റഡ് എന്നാണ് വിശേഷിപ്പിക്കുന്നത് (Sadhu Engrossed in Yoga Atop Snow-clad Himachal Pradesh Mountain; Video Goes Viral).
സത്യേന്ദ്ര നാഥ് എന്ന ഇഷ്പുത്രൻ, പ്രിയപ്പെട്ട യോഗി
ഹിമാലയത്തിലെ സിദ്ധ പാരമ്പര്യത്തിലെ ഒരു യോഗിയാണ് ഈശ്പുത്രൻ. സത്യേന്ദ്ര നാഥിനെയാണ് ഈശ്പുത്രൻ എന്ന് വിശേഷിപ്പിക്കുന്നത്. സത്യേന്ദ്ര നാഥിന്‍റെ ഗുരു മഹായോഗിയായ ഇഷാനാഥായിരുന്നുവെന്നും അതിനാലാണ് ആളുകൾ അദ്ദേഹത്തിന്‍റെ ഗുരുവിന്‍റെ പേരിനെ അടിസ്ഥാനമാക്കി ഈശ്പുത്രൻ എന്ന പേര് നൽകിയത് എന്നുമാണ് പറയപ്പെടുന്നത്. മഹായോഗി സത്യേന്ദ്ര നാഥ് എന്നാണ് യഥാർത്ഥ പേര്.
ഹിമാലയത്തിലെ ഏക സിദ്ധന്മാരുടെ പീഠമായ കൗലാന്തക് പീഠത്തിലെ പീഠാധീശ്വരനാണ് അദ്ദേഹം. ഈശ്പുത്രയുടെ ആരാധകർ പല രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്നതായാണ് വിവരം. എട്ടിലധികം രാജ്യങ്ങളിൽ കൗലാന്തക് പീഠം യോഗയും ദേവധർമ്മവും പ്രചരിപ്പിക്കുന്നുണ്ട്.
ഈശ്പുത്രൻ പീഠാധീശ്വരനായതിനാൽ ശിഷ്യന്മാർ എപ്പോഴും അദ്ദേഹത്തിനു ചുറ്റുമുണ്ട്. എപ്പോഴും പർവതങ്ങൾ, ഇടതൂർന്ന വനങ്ങൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയിൽ അദ്ദേഹം ധ്യാനം ചെയ്യുന്നതായി കാണാം.
മഹായോഗി സത്യേന്ദ്ര നാഥ് ചെറുപ്പം മുതലേ ധ്യനം അഭ്യസിക്കുന്നു
കുട്ടിക്കാലം മുതൽ തന്‍റെ മറ്റൊരു ഗുരുവായ സിദ്ധാന്ത് നാഥ് ജി പഠിപ്പിച്ച സാധനയുടെ പാതയാണ് ഈശ്പുത്രൻ പരിശീലിക്കുന്നത്. കുട്ടിക്കാലം മുതൽ മഞ്ഞുമൂടിയ മലനിരകളിൽ ധ്യാനം പരിശീലിക്കുന്നുണ്ട്. കോളേജ് പഠനം പൂർത്തിയാക്കിയ ശേഷം അദ്ദേഹം 'കൗലന്തക് പീഠം' ആശ്രമം പൂർണ്ണമായും ഏറ്റെടുത്തു.
ഈശ്പുത്രൻ രണ്ട് ശിഷ്യന്മാരോടൊപ്പം സരജ് താഴ്‌വരയിൽ ഒരു മാസത്തോളം ധ്യാനം പരിശീലിക്കുന്നതിനിടെയാണ് ഇപ്പോഴത്തെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഈശ്പുത്രയുടെ ശിഷ്യൻ രാഹുൽ എന്നയാളാണ് വീഡിയോ ചിത്രീകരിച്ചത്.
ലോകമെമ്പാടുമുള്ള ശിഷ്യന്മാരിലേക്ക് ഈശ്പുത്രന്‍റെ സന്ദേശങ്ങൾ എത്തിക്കുന്നതിനായാണ് രാഹുല്‍ തന്‍റെ ഗുരുവിന്‍റെ വീഡിയോകൾ ചിത്രീകരിക്കുകയും ചെയ്യുന്നത്. കൂടാതെ പുതിയ തലമുറയിലെ യുവാക്കളെ യോഗയിലേക്ക് പരിചയപ്പെടുത്തുകയും അവരെ ധ്യാനത്തിന് പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ വീഡിയോകൾ നിർമ്മിക്കുന്നതിന് പിന്നിലെ ലക്ഷ്യം.
എന്തുകൊണ്ടാണ് മഞ്ഞിൽ ധ്യാനം നടത്തുന്നത്?
ഹിമാലയത്തിലെ സിദ്ധ പാരമ്പര്യത്തിൽ 'ശ്വേത് മേരു കൽപ' എന്ന പേരിൽ മഞ്ഞിലും പർവതങ്ങളിലും ധ്യാനം ചെയ്യുന്ന രീതികൾ പറയുന്ന ഒരു ഗ്രന്ഥമുണ്ട്. ഹിമാലയത്തിലെ യോഗികളെ സംബന്ധിച്ചിടത്തോളം മഞ്ഞ് ഐക്യത്തിന്‍റെയും സത്യത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രതീകമാണ്. ഒരാളുടെ 'കുണ്ഡലിനി' ഊർജ്ജം ഉണർത്താനാണ് സങ്കീർണ്ണമായ സാഹചര്യത്തിലും ഹിമാലയത്തിൽ ധ്യാനം നടത്തുന്നത്.