മുംബൈ: ഡേറ്റിങ് ആപ്പ് വഴി അധ്യാപികയില്‍ നിന്നും 3.36 ലക്ഷം രൂപ തട്ടിയെടുത്തു. മുംബൈയിലെ 46 കാരിയായ യോഗ അധ്യാപികയില്‍ നിന്നാണ് ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട വ്യക്തി പണം തട്ടിയത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ഡോക്‌ടറാണെന്ന് അവകാശപ്പെട്ട അമിത് കുമാര്‍ എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
തെക്കൻ മുംബൈയിലെ ചർച്ച്ഗേറ്റ് പ്രദേശത്തെ താമസക്കാരിയായ അധ്യാപിക അടുത്തിടെയാണ് ഡേറ്റിങ് ആപ്പായ ടിൻഡറിലൂടെ അമിത് കുമാറിനെ പരിചയപ്പെട്ടത്. ഇരുവരും ഫോൺ നമ്പറുകൾ കൈമാറി വാട്‌സ്‌ആപ്പിൽ ചാറ്റ് ചെയ്യുകയും ചെയ്‌തു. ഏപ്രിൽ 25ന്, ഒരു സമ്മാനം കൈപറ്റാന്‍ അമിത് യുവതിയെ അറിയിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഡൽഹിയിലെ കൊറിയർ കമ്പനിയിൽ നിന്നാണെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ ഇരയെ വിളിച്ച്, മാഞ്ചസ്റ്ററിൽ നിന്ന് സമ്മാനമുണ്ടെന്ന് പറഞ്ഞു. സമ്മാനം അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പണം ആവശ്യപ്പെട്ടെന്നും പൊലീസ് പറഞ്ഞു. വിളിച്ചയാൾ അറിയിച്ചതനുസരിച്ച് വിവിധ അക്കൗണ്ടുകളിലേക്ക് 3.36 ലക്ഷം രൂപ നിക്ഷേപിച്ചതായും ഇര പൊലീസിനെ അറിയിച്ചു.
താൻ കബളിപ്പിക്കപ്പെടുകയാണെന്ന് പിന്നീട് മനസിലാക്കിയ യുവതി ചൊവ്വാഴ്‌ച മറൈൻ ഡ്രൈവ് പൊലീസിന് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷ നിയമത്തിലേയും ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെയും വകുപ്പുകൾ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ അന്വേഷണസംഘം കേസ് രജിസ്റ്റര്‍ ചെയ്‌തത്.