സേലം : യേര്‍ക്കാട് ചുരത്തിലുണ്ടായ ബസ് അപകടത്തില്‍ മരണം അഞ്ചായി. കഴിഞ്ഞ ദിവസം വൈകിട്ടാണ് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് 50 അടി താഴ്‌ചയിലേക്ക് തലകീഴായി മറിഞ്ഞ് അപകടമുണ്ടായത്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.
മൂന്ന് പേര്‍ ഇന്നലെ വൈകിട്ട് തന്നെ മരിച്ചു. ഇന്ന് രാവിലെയാണ് രണ്ട് പേര്‍ കൂടി മരണത്തിന് കീഴടങ്ങിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 20 പേര്‍ സേലം ഗവണ്‍മെന്‍റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരെല്ലാം സേലം ജില്ലക്കാരാണ്.
അപകടത്തെ തുടര്‍ന്ന് വാഹന പരിശോധന കര്‍ശനമാക്കാന്‍ കലക്‌ടര്‍ ബ്രിന്ദാദേവി ഉത്തരവിട്ടു. 30 കിലോമീറ്റര്‍ അധികം വേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. ഇതിന് പുറമെ നിയമം ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടി കൈക്കൊള്ളും.
യേര്‍ക്കാട് അടിവാരത്തുള്ള ചെക്ക് പോസ്റ്റില്‍ പരിശോധന നടത്തി പരിചയ സമ്പന്നരായ ഡ്രൈവര്‍മാരാണെന്ന് ഉറപ്പാക്കിയ ശേഷമേ വാഹനം കടത്തി വിടാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതി തേടിയ ശേഷം നഷ്‌ടപരിഹാരം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
Also Read: കാറുകൾ ഇടിച്ച് തെറിപ്പിച്ച് നിയന്ത്രണം വിട്ട തടി ലോറി; തകർന്നത് 4 കാറുകൾ
ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമാണ് യേര്‍ക്കാട് മലനിരകള്‍. ആയിരക്കണക്കിന് പേരാണ് നിത്യവും ഇവിടേക്ക് എത്തുന്നത്.