അമരാവതി: സംസ്ഥാന കോൺഗ്രസ് അധ്യക്ഷ വൈഎസ് ശർമിളയുടെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം വന്നതോടെ കടുത്ത മത്സരത്തിനൊരുങ്ങി ആന്ധ്രാപ്രദേശിലെ കടപ്പ മണ്ഡലം. കടപ്പയില്‍ തന്‍റെ ബന്ധുവും നിലവിലെ വൈഎസ്ആർസിപി എംപിയുമായ വൈഎസ് അവിനാഷ് റെഡ്ഡിയ്‌ക്കെതിരെയാണ് ശർമിള ഇക്കുറി മത്സരത്തിനിറങ്ങുന്നത്.
വിവേകാനന്ദ റെഡ്ഡിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളാണ് അവിനാഷ് റെഡ്ഡി. മുൻ മന്ത്രിയും മുഖ്യമന്ത്രിയുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ അമ്മാവനും വൈ എസ് രാജശേഖർ റെഡ്ഡിയുടെ സഹോദരനുമാണ് വിവേകാനന്ദ റെഡ്ഡി. ജഗൻ, വൈഎസ് രാജശേഖർ റെഡ്ഡി, വിവേകാനന്ദ റെഡ്ഡി എന്നിവർ കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി കടപ്പയെ പ്രതിനിധീകരിക്കുന്നതിനാൽ തന്നെ മണ്ഡലം ഇവര്‍ക്ക് പ്രധാനമാണ്.
അവിഭക്ത ആന്ധ്രപ്രദേശില്‍ മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖർ റെഡ്ഡിയുടെ മകളും നിലവില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ ശർമിള തന്‍റെ വൈഎസ്ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന (2019 മാർച്ച് 15) വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം ഇന്നും ഒരു തർക്കവിഷയമായി തുടരുകയാണ്. കേസ് നിലവിൽ ഹൈദരാബാദിലെ സിബിഐ കോടതിയിൽ നടക്കുന്നു.
തന്‍റെ പിതാവിന്‍റെ ഘാതകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ശ്രമത്തിൽ, വിവേകാനന്ദ റെഡ്ഡിയുടെ മകൾ സുനിത റെഡ്ഡിക്ക് ശർമിള പിന്തുണ വാഗ്‌ദാനം ചെയ്‌തിരുന്നു. സുനിതയുടെ ഹർജിയെ തുടർന്ന് സുപ്രീം കോടതി കേസ് തെലങ്കാനയിലേക്ക് മാറ്റുകയായിരുന്നു. കേസിലെ പ്രതികളെ ജഗൻ സംരക്ഷിക്കുകയാണെന്ന് ശർമിളയും സുനിതയും ആരോപിച്ചു.
'ഞാൻ കടപ്പ എംപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. വൈഎസ്ആറിന്‍റെ മകളാണ് മത്സരിക്കുന്നത്. ഈ തീരുമാനം എളുപ്പമുള്ളതല്ല, കാരണം ഇത് എന്‍റെ കുടുംബത്തെ വേര്‍പെടുത്തുമെന്ന് എനിക്കറിയാം.' ശര്‍മിള പറഞ്ഞു.
തന്‍റെ ജ്യേഷ്‌ഠൻ ജഗനോട് തനിക്ക് വെറുപ്പില്ലെന്ന് പറഞ്ഞ ശർമിള, മുഖ്യമന്ത്രിയായതിന് ശേഷം അദ്ദേഹം മാറിയതായും അവകാശപ്പെട്ടു. വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകത്തിൽ ഉൾപ്പെട്ട വ്യക്തികൾക്ക് കടപ്പ എംപി ടിക്കറ്റ് നൽകിയത് ജഗനാണെന്നും ഇതിനെ താൻ ശക്തമായി എതിർക്കുന്നുവെന്നും ശര്‍മിള ആരോപിച്ചു.
Also Read: തൃശൂരില്‍ തെരഞ്ഞെടുപ്പ് പൂരത്തിന് കൊടിയേറ്റം; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് വിഎസ് സുനില്‍കുമാര്‍