രാജ്യത്തുടനീളമുള്ള മിക്ക ആളുകളും ഇഷ്‌ടപ്പെടുന്ന ഒരു സ്‌ട്രീറ്റ് ഫുഡാണ് വട പാവ്. മഹാരാഷ്‌ട്രയിലെ ഏറ്റവും പ്രശസ്‌തമായ വിഭവമാണിത്. പ്രഭാത ഭക്ഷണമായും മറ്റ് ചിലര്‍ അത്താഴത്തിനുമെല്ലാം ഇത് കഴിക്കാറുണ്ട്.
മുംബൈയില്‍ സന്ദര്‍ശനത്തിനെത്തുന്ന ഏതൊരാളും ഇതൊന്ന് കഴിച്ചിട്ടെ മടങ്ങൂ. വട പാവ് പ്രേമികള്‍ക്കായുള്ള ദിനമാണിന്ന്. വേള്‍ഡ് വട പാവ് ഡേ. രുചിയില്‍ പകരം വയ്‌ക്കാനില്ലാത്ത ഈ വട പാവിന് വിലയും വളരെ കുറവാണ്.
ചൂടുള്ള എണ്ണയില്‍ വറുത്ത് കോരുന്ന ഇതിന് വെളുത്തുള്ളി, പുതിയിന ചട്‌നി, വറുത്ത മുളക് എന്നിവയാണ് ഏറെ രുചി പകരുന്നത്. ഇന്ത്യയില്‍ ഏറെ പ്രശസ്‌തമായ ഇതിപ്പോള്‍ വിദേശത്തെയും താരമാണ്. വിദേശത്ത് കൂടി സ്ഥാനം പിടിച്ചതോടെയാണ് വട പാവ് ഇപ്പോള്‍ ലോക പ്രസിദ്ധമായത്.
വട പാവ് ഉണ്ടായതിങ്ങനെ: 1966ല്‍ ദാദര്‍ റെയില്‍വേ സ്റ്റേഷന് പുറത്താണ് ആദ്യമായി വട പാവ് സ്റ്റാള്‍ ആരംഭിച്ചത്. അശോക് വൈദ്യയായിരുന്നു ഈ സ്റ്റാളിന്‍റെ സ്ഥാപകന്‍. ആദ്യം ഉരുളക്കിഴങ്ങ് വടയും പോഹെയും ചായയും വിൽക്കുന്ന സ്റ്റാളായിട്ടായിരുന്നു ആരംഭം. അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹം വട ഒരു പാവിലിട്ടു. അതില്‍ അല്‍പം വെളുത്തുള്ളി ചട്‌നി ചേര്‍ത്തു. രുചിച്ച് നോക്കിയപ്പോള്‍ അഭാര ടേസ്റ്റി. അങ്ങനെ സ്റ്റാളിലെത്തിയ പലര്‍ക്കും വട പാവ് നല്‍കി. അവര്‍ക്കും വെറൈറ്റിയായ ഈ വിഭവം ഏറെ ഇഷ്‌ടപ്പെട്ടു. അങ്ങനെയാണ് വട പാവ് പ്രശസ്‌തമായത്.
ഏറെ കാലം സ്റ്റാള്‍ നടത്തിയ അശോക് പിന്നീട് 1998ല്‍ മരിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ മകന്‍ നരേന്ദ്ര ദാദര്‍ സ്റ്റാളിന്‍റെ നടത്തിപ്പ് ഏറ്റെടുത്തു. വടപാവ് മുംബൈക്കാര്‍ക്ക് അത്രയും പ്രധാന്യമേറിയ വിഭവം തന്നെയാണ്.
ഫ്രഷ് പാവും വടയുമാണ് ഇത് ഏറെ രുചിയുള്ളതാക്കുന്നത്. മുംബൈയില്‍ മുഴുവന്‍ തെരുവുകളിലും ഇത്തരം സ്റ്റാളുകള്‍ കാണാനാകും. ഇത്തരം ദാബകളിലും കടകളിലും സദാസമയവുമുള്ള ജനത്തിരക്കും മുംബൈ തെരുവുകളില്‍ നിന്നുള്ള നിത്യ കാഴ്‌ചയാണ്.
മികച്ച 20 ലഘുഭക്ഷണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിഭവമാണ് വട പാവ്. ഈ പട്ടികയില്‍ 19ാം സ്ഥാനത്താണ് ഈ വിഭവമുള്ളത്. വട ഉരുളക്കിഴങ്ങ് പാവില്‍ പൊതിഞ്ഞാണ് ഇത് തയ്യാറാക്കുന്നത്.
വട പാവിനോടുള്ള സെലിബ്രിറ്റി ക്രഷ്: മുംബൈയിലെ പ്രധാന വിഭവമായ വട പാവിന് സെലിബ്രിറ്റികളും ആരാധകരായുണ്ട്. വട പാവ് അത്‌ഭുതകരമായ ഒരു ലഘുഭക്ഷണമാണെന്ന് ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു. 2006 മാര്‍ച്ചില്‍ സുനില്‍ ഗവാസ്‌കറുടെ 34 സെഞ്ച്വറി ടെസ്റ്റ് റെക്കോർഡ് തകർത്തപ്പോൾ സച്ചിന്‍റെ സുഹൃത്തായ വിനോദ് കാംബ്ലി 35 വട പാവുകള്‍ അദ്ദേഹത്തിന് സമ്മാനിച്ചു. മുംബൈയിലെ കളി സ്ഥലങ്ങള്‍, സ്‌ട്രീറ്റുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളിലെല്ലാം വട പാവ് സ്റ്റാളുകളുണ്ട്. ഇതിപ്പോള്‍ യുഎസ്‌എയിലും ലഭ്യമാണ്.
വട പാവ് ഗേള്‍: വട പാവ് മാത്രമല്ല വട പാവ് ഗേളും മുംബൈയില്‍ ഏറെ പ്രശസ്‌തയാണ്. വട പാവ് സ്റ്റാള്‍ നടത്തി ജീവിച്ചിരുന്ന ഒരു പെണ്‍കുട്ടിയാണ് ചന്ദ്രിക ദീക്ഷിത്. വട പാവ് സ്റ്റാളുമായി ജീവിതം മുന്നോട്ട് നീക്കിക്കൊണ്ടിരിക്കേ ചന്ദ്രിക ദീക്ഷിത്തിന് ബിഗ് ബോസില്‍ 3യില്‍ അവസരം ലഭിച്ചു. ഇതോടെയാണ് ചന്ദ്രിക ദീക്ഷിത് വട പാവ് ഗേള്‍ എന്നറിയപ്പെട്ടത്. ഒരു മാസം 40,000 രൂപയുടെ വട പാവ് കച്ചവടം നടത്തിയിരുന്നയാളാണ് ചന്ദ്രിക ദീക്ഷിത്. ഇതിനിടെയാണ് ബിഗ് ബോസിലേക്ക് അവസരം ലഭിച്ചത്.
മുംബൈയിലെ മികച്ച വട പാവ് സ്റ്റാളുകള്‍: മുംബൈയില്‍ എല്ലായിടത്തും സുലഭമായി വട പാവ് ലഭിക്കും. എന്നാല്‍ അതില്‍ ഏറ്റവും മികച്ച ചിലയിടങ്ങളുണ്ട്. അശോക് വട പാവ്, ആറാം വട പാവ്, ശിവജി വട പാവ്, ഗ്രാജ്വേറ്റ് വട പാവ്, ഗജാനൻ വട പാവ്, ധീരജ് വട പാവ്, ഖിഡ്കി വട പാവ്, ആനന്ദ് വട പാവ്, ജംബോ കിംഗ് വട പാവ്, സാമ്രാട്ട് വട പാവ് എന്നീ സ്റ്റാളുകളില്‍ എത്തിയാല്‍ വളരെയധികം രുചിയില്‍ വട പാവ് ആസ്വദിക്കാനാകും.
ഡല്‍ഹിയില്‍ വട പാവ് ലഭിക്കുന്നയിടങ്ങള്‍: ഡല്‍ഹിയില്‍ അഞ്ചിടങ്ങളിലാണ് വട പാവ് ലഭിക്കുന്നത്. ജോണിസ് വട പാവ്, മസാല ട്രയൽ, വടപാവ് ജംഗ്ഷൻ, സുരുചി, മഹാരാഷ്‌ട്ര സദൻ എന്നിവിടങ്ങളാണത്.
Also Read: ബാക്കിവന്ന തൈര് വെറുതെ കളയേണ്ട; കേക്ക് മുതല്‍ ഐസ്‌ക്രീം വരെ, രുചിക്കൂട്ട് അറിയാം