കൊല്‍ക്കത്ത (പശ്ചിമ ബംഗാള്‍): സംസ്ഥാനത്തെ വിവിധ ജയിലുകളിലായി 196 ഓളം കുഞ്ഞുങ്ങള്‍ ജനിച്ചതായി കണ്ടെത്തല്‍. ജയിലുകളില്‍ തടവിലായ വനിതകള്‍ ഗര്‍ഭിണികളാകുന്നതായി വിവരം. ജയില്‍ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറിയാണ് വിവരം പരാമര്‍ശിച്ചത്.
ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം, ജസ്റ്റിസ് സുപ്രതിം ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിഷയത്തെ ഗൗരവമായി വീക്ഷിക്കുകയും ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിന് മുമ്പാകെ സമര്‍പ്പിക്കുമെന്ന് അറിയിക്കുകയും ചെയ്‌തു.
'കസ്റ്റഡിയിലുള്ള വനിതാ തടവുകാര്‍ ഗര്‍ഭിണിയാകുന്നതും സംസ്ഥാനത്തെ വിവിധ ജയിലുകളിലായി നിലവില്‍ 196 കുഞ്ഞുങ്ങള്‍ കഴിയുന്നതായും ചൂണ്ടികാണിച്ച് അമിക്കസ് ക്യൂറി കോടതിയ്‌ക്ക് നോട്ടീസ് നല്‍കുകയും ചെയ്‌തിട്ടുണ്ട്. വനിതാ തടവുക്കാരെ പാര്‍പ്പിച്ചിരിക്കുന്നിടങ്ങളില്‍ പുരുഷ ജീവനക്കാരെ നിരോധിക്കണമെന്ന് അമിക്കസ് നിര്‍ദ്ദേശിച്ചു'.