വെല്ലൂർ: ഡ്യൂട്ടി ഡോക്‌ടറെ ചെരുപ്പു കൊണ്ടടിച്ച് രോഗി. സർക്കാർ ആശുപത്രിയിലെ ഡോക്‌ടറെ മർദിച്ച രോഗി ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ. കക്കംപാറയിലെ വെല്ലൂർ സർക്കാർ ആശുപത്രിയിലാണ് സംഭവം. ചാത്തമുദരൈ സ്വദേശി സുബ (36) ആണ് ഡോക്‌ടറെ ആക്രമിച്ചത്. രോഗിയുടെ ബന്ധുവുമായുണ്ടായ വാക്കു തര്‍ക്കമാണ് അടിയില്‍ കലാശിച്ചത്.
സർക്കാർ ആശുപത്രിയിലെ സ്‌ത്രീകളുടെ വാർഡിൽ ചികിത്സയിലായിരുന്ന സുബയെ സന്ദര്‍ശിക്കാനായെത്തിയ ബന്ധു ദിവാകര്‍ സ്‌ത്രീകളുടെ വാർഡിൽ പ്രവേശിച്ചതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. പോസ്റ്റ് ഗ്രാജ്വേറ്റ് ഡോക്‌ടറായ വിശാൽ ഇത് സ്‌ത്രീകളുടെ വാർഡാണെന്നും പ്രവേശനമില്ലെന്നും പറഞ്ഞു.
അത് തര്‍ക്കത്തിലേക്കും അക്രമത്തിലേക്കും വഴിവെക്കുകയായിരുന്നു. ഇതില്‍ പ്രകോപിതയായ യുവതി ധരിച്ചിരുന്ന ചെരുപ്പ് ഉപയോഗിച്ച് ഡോക്‌ടറെ ആക്രമിച്ചു. ഡോക്‌ടറെ മർദിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളജിലെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി.
പരിക്കേറ്റ മെഡിക്കൽ വിദ്യാർഥി വിശാൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്‌ടറെ മർദിച്ച യുവതി സുബയ്ക്കും ബന്ധുവായ ദിവാകറിനും എതിരെ 2008 ലെ ഡോക്‌ടർ ആക്‌ട്, ജോലിയിൽ നിന്ന് തടയൽ, മർദിക്കൽ തുടങ്ങിയ 5 വകുപ്പുകൾ പ്രകാരം കേസെടുത്തു. പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്‌ത് അന്വേഷണം നടത്തിവരികയാണ്.