ഇൻഡോർ: മക്കളെ ഭിക്ഷാടനത്തിനു വിട്ട് 45 ദിവസത്തിനുള്ളിൽ അമ്മ സംമ്പാദിച്ചത് 2.5 ലക്ഷം രൂപ. എട്ടുവയസുകാരിയയെയും രണ്ട് ആൺമക്കളെയുമാണ് 40 കാരിയായ സ്ത്രീ നിർബന്ധിച്ച് ഭിക്ഷാടനത്തിനായച്ചത്. ഇൻഡോറിലാണ് സംഭവം. നഗരത്തിലെ 150 പേരടങ്ങുന്ന ഭിക്ഷാടനസംഘത്തിലെ അംഗമാണ് യുവതി. ഇവർക്ക് രാജസ്ഥനിൽ ഭൂമിയും ഇരുനില വീടും ഉണ്ടെന്നാണ് ഒരു എൻ ജി ഒ നൽകുന്ന വിവരം.
ഇൻഡോർ - ഉജ്ജയിൻ റോഡിലെ ലവ് കുഷ് ഇന്‍റർസെക്ഷനിൽ ഈ അടുത്തിടെ ഭിക്ഷാടനം നടത്തുന്ന ഇന്ദ്ര ഭായി എന്ന സ്ത്രീയിൽ നിന്നും 19200 രൂപ കണ്ടെടുത്തിരുന്നുവെന്ന് പ്രവേഷ് എന്ന സംഘടനയുടെ പ്രസിഡന്‍റായ രൂപാലി ജെയിൻ അറിയിച്ചു. ഇൻഡോറിനെ ഭിക്ഷാടന വിമുക്ത നഗരമാക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടമെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു. അഞ്ച് കുട്ടികളുടെ അമ്മയായ യുവതി തന്‍റെ മൂന്നു മക്കളെയും തെരുവിൽ ഭിക്ഷയെടുക്കാൻ നിർബന്ധിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ സംരക്ഷണത്തിലാണിപ്പോൾ. ഒൻപതും പത്തും പ്രായമുള്ള ആൺകുട്ടികൾ .ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ കണ്ട് ഓടിപ്പോയെന്നും യുവതിയുടെ മറ്റു കുട്ടികൾ രാജസ്ഥാനിലാണെന്നും ജെയിൻ പറഞ്ഞു. 45 ദിവസത്തിനുള്ളിൽ സമ്പാദിച്ച രണ്ടര ലക്ഷം രൂപയിൽ നിന്ന് 50000 രൂപ ഭർതൃവീട്ടിലേക്ക് അയക്കുകയും അരലക്ഷം രൂപ സ്ഥിര സംമ്പാദ്യത്തിലേക്ക് നിക്ഷേപിച്ചതായും ഇന്ദ്ര പറഞ്ഞു. ഭർത്താവ് ഇവരുടെ പേരിൽ ഇരു ചക്ര വാഹനം വാങ്ങിയതായും ഇതിൽ നഗരത്തിൽ ചുറ്റിക്കറങ്ങാറുണ്ടെന്നും യുവതി പറഞ്ഞു.
സംഭവം പുറത്തറിഞ്ഞതിനു ശേഷം വനിതാ എൻ ജി ഒ പ്രവർത്തകയുമായി ഇന്ദ്ര വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് സിആർപിസി സെക്ഷൻ 151 വകുപ്പ് പ്രകാരം ഇവരെ അറസ്റ്റ് ചെയ്‌തതായി സബ് ഇൻസ്‌പെക്‌ടർ ഈശ്വരചന്ദ്ര റാത്തോഡ് അറിയിച്ചു. ശേഷം അസിസ്റ്റൻ്റ് പൊലീസ് കമ്മീഷണർ കോടതിയിൽ ഹാജരാക്കിയ യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്‌തു.
ഇൻഡോർ ഉൾപ്പെടെ 10 നഗരങ്ങളെ ഭിക്ഷാടന വിമുക്തമാക്കാൻ കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം ഇതിനോടകം തന്നെ പരീക്ഷണ പദ്ധതി ആരംഭിച്ചു കഴിഞ്ഞുവെന്ന് ഇൻഡോർ ജില്ലാ മജിസ്‌ട്രേറ്റ് ആശിഷ് സിങ് അറിയിച്ചു.
നഗരത്തിൽ ഭിക്ഷയാചിക്കാൻ നിർബന്ധിതരാകുന്ന കുട്ടികളെ മോചിപ്പിക്കാനുള്ള പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. 10 കുട്ടികളെയാണ് ഇതിനോടകം രക്ഷപെടുത്തിയത്. ഇവരെ സർക്കാരിന്‍റെ ശിശുഭവനത്തിലേക്ക് മാറ്റി. കുട്ടികളെ ഭിക്ഷാടനത്തിന് നിർബന്ധിക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.