ഡൽഹി : കൽക്കാജി മന്ദിറിൽ സ്റ്റേജ് തകർന്നുണ്ടായ അപകടത്തിൽ യുവതിയ്ക്ക് ദാരുണാന്ത്യം (Woman Died In Accident). ശനിയാഴ്‌ച അർദ്ധരാത്രി കൽക്കാജി മന്ദിറിൽ നടന്ന മാതാ ജാഗരൺ ചടങ്ങിനിടെയാണ് അപകടം. ഇരുമ്പും മരവും കൊണ്ട് നിർമ്മിച്ച സ്റ്റേജ് തകർന്നാണ് അപകടമുണ്ടായത്.
സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റു. മരിച്ച യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം പരിപാടി നടത്താൻ അനുമതി തേടിയിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. എന്നിട്ടും സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിരുന്നു. ചടങ്ങിൽ 1500 നും 1600 നുമിടയിൽ ആളുകൾ പങ്കെടുത്തതായി പൊലീസ് പറഞ്ഞു.
സംഘാടകരുടെയും വിഐപികളുടെയും കുടുംബങ്ങൾക്കായി പ്രധാന വേദിക്ക് സമീപം ഇരുമ്പും മരവും ഉപയോഗിച്ച് ഉയർന്ന സ്റ്റേജ് സ്ഥാപിച്ചിരുന്നു. സ്റ്റേജിൽ ഉണ്ടായിരുന്നവരുടെ ഭാരം താങ്ങാതെ ഇത് ചെരിയുകയും താഴെ ഇരുന്നവർക്ക് പരുക്കേൽക്കുകയുമായിരുന്നു. പരിക്കേറ്റവരെ നഗരത്തിലെ എയിംസ് ട്രോമ സെൻ്ററിലും സഫ്‌ദർജംഗ്, മാക്‌സ് തുടങ്ങിയ ആശുപത്രികളിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ സംഘാടകർക്കെതിരെ ഐപിസി 337,304 എ, 188 വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.