ന്യൂഡല്‍ഹി : വിമാനത്തില്‍ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന് യാത്രക്കാരിയുടെ പരാതി. പശ്ചിമബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലെ ബാഗ്‌ദോഗ്രയിലേക്ക് പോയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് സംഭവം(Inappropriate behavior by co-passenger). യാത്രക്കാരി പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് അയാളെ സീറ്റ് മാറ്റിയിരുത്തിയതായി എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ മാസം 31ന് കൊല്‍ക്കത്തയില്‍ നിന്ന് ബാഗ്‌ദോഗ്രയിലേക്ക് പോയ വിമാനത്തിലാണ് സംഭവം. അതേസമയം യാത്രക്കാരന്‍ ആരോപണങ്ങള്‍ നിഷേധിച്ചതായും എയര്‍ലൈന്‍ അറിയിച്ചു (Jet Airways). എന്നിട്ടും സിഐഎസ്എഫ് ജീവനക്കാരുടെ മുന്നില്‍ വച്ച് ഇയാള്‍ യാത്രക്കാരിയോട് മാപ്പുപറഞ്ഞു. ഇതോടെ അവര്‍ പരാതി എഴുതി നല്‍കാതെ വിമാനത്താവളത്തില്‍ നിന്ന് മടങ്ങി.
Also Read: യാത്രക്കാരുടെ മോശമായ പെരുമാറ്റം പരിശോധിക്കാൻ എയർ ഇന്ത്യ പാനൽ രൂപീകരിച്ചു
നടപടി വേണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് ഇയാള്‍ മാപ്പ് പറയാന്‍ തയാറായത്. പരാതി എഴുതി നല്‍കാത്തതിനാല്‍ തുടരന്വേഷണം സാധ്യമല്ലെന്നും വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. പരാതി ഉയര്‍ത്തിയപ്പോള്‍ തന്നെ തങ്ങളുടെ ജീവനക്കാര്‍ യാത്രക്കാരിക്കുവേണ്ട എല്ലാ സഹായവും എത്തിച്ചിരുന്നെന്നും അവരുടെ സുരക്ഷിതത്വവും സൗകര്യവും ഉറപ്പാക്കുകയും ചെയ്തിരുന്നെന്നും വിമാനക്കമ്പനി അറിയിച്ചു.
വിമാനത്തിൽ നടിക്ക് നേരെ മോശം പെരുമാറ്റം : മുംബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനയാത്രയിൽ സഹയാത്രികൻ അപമര്യാദയോടെ പെരുമാറിയെന്ന യുവ നടിയുടെ പരാതിയിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തു. നടി ഇ മെയിൽ വഴി നൽകിയ പരാതിയെ തുടർന്ന് മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ നടി അവശ്യപ്പെട്ടു. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ നൽകാൻ തയ്യാറാണെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു.
വിമാനത്തിലെ 12C സീറ്റിൽ ഇരുന്ന ഒരു യാത്രക്കാരൻ സീറ്റിന്‍റെ സ്ഥാനം സംബന്ധിച്ച് യുക്തിയില്ലാതെ തർക്കം ആരംഭിക്കുകയും അപമര്യാദയോടെ പെരുമാറുകയും, ശരീരത്തിൽ സ്‌പർശിക്കുകയും ചെയ്‌തതായി പരാതിയിൽ ആരോപിക്കുന്നു. മുംബൈ കൊച്ചി എയർ ഇന്ത്യ വിമാനത്തിന്‍റെ യാത്രാരേഖകൾ ഉൾപ്പടെ പരാതിയോടൊപ്പം നടി സമർപ്പിച്ചിരുന്നു. സമൂഹ മാധ്യമത്തിലൂടെ നടി തന്നെയാണ് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്.
മദ്യപിച്ചെത്തിയ സഹയാത്രികൻ വിമാനയാത്രയ്ക്കിടെ ശല്യപ്പെടുത്തിയതായാണ് നടി ആരോപിച്ചത്. യാത്രയ്ക്കിടെ തന്നെ സംഭവം എയർ ഹോസ്റ്റസിനോട് റിപ്പോർട്ട് ചെയ്‌തിട്ടും, ടേക്ക്ഓഫിന് തൊട്ടുമുമ്പ് മറ്റൊരു സീറ്റിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് അവർ ചെയ്‌തതെന്നും പരാതിയിലുണ്ടായിരുന്നു. ഇറങ്ങിയ ശേഷം പ്രശ്‌നം കൊച്ചി എയർപോർട്ട് അധികൃതരെയും എയർലൈൻ അധികൃതരെയും അറിയിക്കുകയും അവർ തന്നെ പൊലീസ് എയ്‌ഡ് പോസ്റ്റിൽ പരാതി നൽകാൻ നിർദ്ദേശിക്കുകയായിരുന്നെന്നും നടി വ്യക്തമാക്കി.