ന്യൂഡല്‍ഹി: സന്ദേശങ്ങളുടെ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതിനുള്ള എന്‍സ്‌സ്ക്രിപ്‌ഷന്‍ സംവിധാനം നിര്‍ത്തലാക്കുകയോ നിര്‍ത്തലാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്‌താല്‍ രാജ്യത്ത് പ്രവര്‍ത്തിക്കാനാകില്ലെന്ന് മെസേജിങ് ആപ്പായ വാട്‌സ് ആപ്പ്. പുതുതായി ഭേദഗതി വരുത്തിയ ഐടി നിയമങ്ങള്‍ക്കെതിരെ വാട്‌സ്ആപ്പും ഫേസ്ബുക്കും സമര്‍പ്പിച്ച ഹര്‍ജിയില്‍ ആക്‌ടിങ് ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കുന്നതിനിടെ ഉയര്‍ന്ന ഉപക്ഷേപത്തിലാണ് വാട്‌സ് ആപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
അധികൃതരുടെ ആവശ്യം ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്ന് കയറ്റമാണെന്നും നിയമം കൊണ്ടുവരും മുമ്പ് യാതൊരു തരത്തിലുള്ള ആശയവിനിമയങ്ങളും നടത്തിയിട്ടില്ലെന്നും വാട്‌സ് ആപ്പിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. വാട്‌സ് ആപ്പും ഫേസ്ബുക്കും ഉപയോക്താക്കളുടെ വിവരങ്ങള്‍ വ്യവസായ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് പണം സമ്പാദിക്കുന്നത് രാജ്യത്ത് നിയമവിധേയമല്ല. എന്നിട്ടും ഇവര്‍ സ്വകാര്യത സംരക്ഷണത്തെക്കുറിച്ച് പറയുന്നതായി നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി കോടതിയെ അറിയിച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ ഐടി ചട്ടങ്ങള്‍ ഫേസ്ബുക്ക് അവരുടെ സേവനങ്ങളിലും വിവര കൈകാര്യം ചെയ്യലിലും വിശ്വസ്‌ത ഉണ്ടായിരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
പുതുതായി വരുത്തിയ ഐടി ചട്ട ഭേദഗതികളെ ചോദ്യം ചെയ്‌ത് ഫേസ്ബുക്കും വാട്‌സ്ആപ്പും സമര്‍പ്പിച്ച ഹര്‍ജികള്‍ക്കെതിരെ രാജ്യത്തെ ഉപയോക്താക്കളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഉപയോക്താക്കള്‍ക്ക് ഇവര്‍ക്കെതിരെ പരാതിപ്പെടാനുള്ള അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നായിരുന്നു അധികൃതരുടെ വാദം.
എന്നാല്‍ സ്വകാര്യത ലംഘനം ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു പുതിയ ചട്ടങ്ങള്‍ക്കെതിരെ ഫേസ്ബുക്കും വാട്‌സ്ആപ്പും രംഗത്തെത്തിയത് എന്നാല്‍ പുതിയ ചട്ടങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ നിയമം നടപ്പാക്കുന്ന ഏജന്‍സികള്‍ക്ക് വ്യാജ സന്ദേശങ്ങളും മറ്റും കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാകുമെന്നാണ് അധികൃതരുടെ വിശദീകരണം. ഇത് സമൂഹത്തിലെ സമാധാനത്തെയും സഹവര്‍ത്തിത്തെയും ബാധിക്കും. സമൂഹത്തില്‍ വീണ്ടും ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കപ്പെടുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
Also Read: കനത്ത സുരക്ഷയില്‍ വോട്ട് ചെയ്‌ത ബോളിവുഡ് സുന്ദരി നേഹ ശര്‍മ: വീഡിയോ
തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്ന എന്ന് നടപടിയെയും ലോകത്ത് എല്ലായിടത്തും തങ്ങള്‍ എതിര്‍ക്കാറുണ്ടെന്ന് വാട്‌സ്ആപ്പ് വ്യക്തമാക്കുന്നു. ജനങ്ങളെ സുരക്ഷിതരാക്കിക്കൊണ്ടുള്ള പ്രായോഗിക നടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാരുമായി തങ്ങള്‍ സഹകരിക്കുമെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി.