ന്യൂഡല്‍ഹി : നയതന്ത്രരംഗത്ത് നിര്‍ണായക നീക്കങ്ങള്‍ നടന്ന ഒരു മാസമാണ് കടന്ന് പോയത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്‌ന്‍ സന്ദര്‍ശിച്ചു. അടുത്തമാസം അമേരിക്ക സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെയാണ് ഷാങ്‌ഹായ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ യോഗത്തിലേക്ക് പാകിസ്ഥാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരിക്കുന്നത്. ഒക്‌ടോബറില്‍ ഇസ്ലാമാബാദില്‍ നടക്കുന്ന യോഗത്തിലേക്കാണ് മോദിക്ക് ക്ഷണം. അതേസമയം യോഗത്തില്‍ പങ്കെടുക്കാന്‍ മോദി പാകിസ്ഥാനിലേക്ക് പോകുമോ എന്ന കാര്യം വ്യക്തമല്ല. ഏതായാലും ഇന്ത്യയുടെ പ്രതികരണത്തിന് വേണ്ടി കാത്തിരിക്കുകയാണ് നയതന്ത്ര ലോകം. മുന്‍കാലങ്ങളെ പോലെ തനിക്ക് പകരം ഏതെങ്കിലും മന്ത്രിമാരെയാകുമോ പ്രധാനമന്ത്രി നിയോഗിക്കുക എന്നും ഉറ്റുനോക്കുന്നുണ്ട്.
സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍ ക്ഷണിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്‌ടോബര്‍ പതിനഞ്ചും പതിനാറുമാണ് എസ്‌സിഒ സമ്മേളനം. സമ്മേളനത്തില്‍ ആദ്യം മന്ത്രിതല യോഗവും പിന്നീട് നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗങ്ങളും നടക്കും. ഷാങ്‌ഹായ് അംഗരാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക, സാമൂഹ്യ-സാംസ്‌കാരിക, മാനുഷിക സഹകരണം ലക്ഷ്യമിട്ടുള്ള യോഗങ്ങളാണിവ.
കഴിഞ്ഞ കൊല്ലം എസ്‌സിഒ മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ ഇന്ത്യയിലെത്തിയിരുന്നു. 2022 സെപ്റ്റംബര്‍ പതിനാറിന് നടന്ന സമര്‍ഖണ്ഡ് ഉച്ചകോടിയില്‍ ഇന്ത്യ എസ്‌സിഒ അധ്യക്ഷസ്ഥാനം വഹിച്ചിരുന്നു. ആദ്യ നേതൃത്വത്തില്‍ നടന്ന 23-ാമത് ഉച്ചകോടി 2023 ജൂലൈ നാലിന് വെര്‍ച്വലായാണ് സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിന് അധ്യക്ഷത വഹിച്ചു.
ചൈന, റഷ്യ, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, പാകിസ്ഥാന്‍, താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇതിന് പുറമെ ഇറാന്‍, ബെലാറസ്, മംഗോളിയ തുടങ്ങിയ രാജ്യങ്ങളെ നിരീക്ഷക രാജ്യങ്ങളായും ക്ഷണിച്ചിട്ടുണ്ട്. ഇതിന് പുറമെ തുര്‍ക്ക്‌മെനിസ്ഥാനെ അതിഥിയായും ക്ഷണിച്ചിട്ടുണ്ട്. യുഎന്‍, ആസിയാന്‍, സിസ്, സിഎസ്‌ടിഒ അടക്കമുള്ള പ്രാദേശിക സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഗോവയില്‍ നടന്ന ഷാങ്‌ഹായ് സഹകരണ സംഘടനയിലെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ് ജയശങ്കറിന്‍റെ സ്വീകരണ നയം ഏറെ ചർച്ചയായിരുന്നു. പരമ്പരാഗത രീതിയില്‍ കൈകൂപ്പിയാണ് ജയശങ്കർ മറ്റ് വിദേശകാര്യമന്ത്രിമാരെ സ്വീകരിച്ചത്. കൈകൊടുത്ത് (ഷെയ്‌ക്ക് ഹാൻഡ്) സ്വീകരിക്കുന്ന പതിവ് ഒഴിവാക്കിയാണ് ജയശങ്കർ മറ്റ് വിദേശകാര്യ മന്ത്രിമാരെ സ്വീകരിച്ചത്. പരസ്‌പരം ആലിംഗനം ചെയ്യുന്ന രീതിയും ഉണ്ടായില്ല.
പാകിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സർദാരിയെ ചിരിച്ചുകൊണ്ട് കൈകൂപ്പി ജയശങ്കർ സ്വീകരിക്കുന്നതും ബിലാവല്‍ ഭൂട്ടോ തിരിച്ച് ചിരിച്ചുകൊണ്ട് കൈകൂപ്പി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. 2011ന് ശേഷം ആദ്യമായി ഇന്ത്യ സന്ദർശിച്ച പാക് വിദേശകാര്യ മന്ത്രി കൂടിയാണ് ബിലാവല്‍ ഭൂട്ടോ.
എന്നാല്‍ ചടങ്ങിനെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങിനെ ജയശങ്കർ കൈകൂപ്പി സ്വീകരിക്കുമ്പോൾ പരമ്പരാഗത ചൈനീസ് രീതിയിലാണ് ക്വിൻ ഗാങ് പ്രതികരിച്ചത്. കൈ മുഷ്‌ടിയോട് കൈപ്പത്തി ചേർത്ത് പരമ്പരാഗത ചൈനീസ് നമസ്‌കാരം നല്‍കിയ ശേഷം വേദിയിലേക്ക് കടക്കുന്ന ചൈനീസ് വിദേശ കാര്യമന്ത്രിയേയും ദൃശ്യങ്ങളില്‍ കാണാം. വേദിയിലേക്ക് എത്തിയ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് അടക്കമുള്ളവരെയും ജയശങ്കർ കൈകൂപ്പിയാണ് സ്വീകരിച്ചത്. ഗോവ ബെനോലിമിലെ ബീച്ച് റിസോർട്ടിലാണ് എട്ട് രാഷ്ട്രങ്ങളടങ്ങിയ എസ്‌സിഒയുടെ വിദേശകാര്യമന്ത്രിമാരുടെ യോഗം നടന്നത്.
Also Read: മോദിക്ക് പാകിസ്ഥാനിലേക്ക് ക്ഷണം; സ്വീകരിക്കുമോ എന്നതില്‍ അവ്യക്തത