കൊൽക്കത്ത: കൽക്കട്ട ഹൈക്കോടതി ജഡ്‌ജി സ്ഥാനം രാജിവച്ച് ബിജെപിയിൽ ചേർന്ന് അഭിജിത് ഗംഗോപാധ്യായ (Will oust Trinamool Congress from Bengal: Abhijit Gangopadhyay after joining BJP). ജഡ്‌ജി സ്ഥാനം രാജിവച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ബിജെപിയിൽ ചേരുകയായിരുന്നു ഗംഗോപാധ്യായ. ബിജെപി അംഗത്വം സ്വീകരിച്ചതിനു പിന്നാലെ സാൾട്ട് ലേക്കിലെ ബിജെപി സംസ്ഥാന പാർട്ടി ഓഫീസിൽ വച്ച് വനിതാ പ്രവർത്തകർ അദ്ദേഹത്തിന് സ്വീകരണം നൽകി.
ചടങ്ങിൽ വച്ച് ബംഗാൾ ബിജെപി പ്രസിഡൻ്റ് സുകാന്ത മജുംദാർ അദ്ദേഹത്തിന് പാർട്ടി പതാക കൈമാറി. ബിജെപി നേതാക്കളായ സജൽ ഘോഷ്, എംഎൽഎ അഗ്നിമിത്ര പോളിനോടുമൊപ്പമാണ് അഭിജിത് ഗംഗോപാധ്യായ പാർട്ടി ഓഫീസിലേക്ക് എത്തിയത്.
"ഞാൻ ഇന്ന് ബിജെപിയിൽ ചേരാൻ പോകുന്നു, അതിൽ ഞാൻ ആഹ്ലാദിക്കുന്നു. ഒരു ദേശീയ രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാകുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. പാർട്ടി എന്നെ ഏൽപ്പിക്കുന്ന എന്ത് ചുമതലയും ഉത്തരവാദിത്തവും ആത്മാർത്ഥതയോടെ ഞാൻ നിർവഹിക്കും. ഞാൻ പാർട്ടിയുടെ വിശ്വസ്‌തനായ ഒരു സൈനികനായിരിക്കും" എന്നായിരുന്നു ബിജെപി അംഗത്വം സ്വീകരിക്കാൻ പോകുന്നതിനു മുൻപായി ഗംഗോപാധ്യായയുടെ പ്രതികരണം.
അഭിജിത് ഗംഗോപാധ്യായയെ പോലൊരു വ്യക്തിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നത് ഞങ്ങളെ സംബന്ധിച്ച് വലിയൊരു ബഹുമതിയാണ്. പശ്ചിമബംഗാളിനും സംസ്ഥാന രാഷ്ട്രീയത്തിനും അദ്ദേഹത്തെ പോലൊരു വ്യക്തിയെ ആവശ്യമാണ്. ഇത് സംസ്ഥാനത്തിന്‍റെ രാഷ്ട്രീയ അടിത്തറ ഉയർത്താൻ സാധിക്കുമെന്ന് ഞങ്ങൾ കരുതുന്നുവെന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്‌തുകൊണ്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.
അതേസമയം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെയും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയ്ക്കെതിരെയും വിമർശനം ഉന്നയിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കാന്ത മജുംദാർ രംഗത്തെത്തി. കോളേജ് സ്ട്രീറ്റിൽ നിന്ന് എസ്പ്ലനേഡിലേക്ക് തൃണമൂൽ വനിതാ വിഭാഗം സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തതിന്‍റെ തുടർന്നായിരുന്നു വിമർശനം.
റാലിയിൽ പങ്കെടുക്കുന്നതിന് പകരം സന്ദേശ്ഖാലി സന്ദർശിക്കുന്നതിന് കുറിച്ചായിരുന്നു മമത ചിന്തിക്കേണ്ടിയിരുന്നത്. കൊൽക്കത്തയിൽ വച്ച് നടന്ന റാലിയിൽ പങ്കെടുത്തതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ ? അവരുടെ പാർട്ടി ഭരണത്തിന് കീഴിൽ സ്ത്രീകൾ ഒരിക്കലും സുരക്ഷിതരല്ല എന്ന് അവർ മനസിലാക്കണം എന്നായിരുന്നു കാന്ത മജുംദാർ പ്രതികരിച്ചത്.