ന്യൂഡൽഹി: നിര്‍ധനരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും ശബ്‌ദമായിരിക്കും താനെന്ന് ആസാദ് സമാജ് പാർട്ടി (കാൻഷി റാം) നേതാവും പാർലമെൻ്റ് അംഗവുമായ ചന്ദ്രശേഖർ ആസാദ്. മനുഷ്യരായി പോലും പരിഗണിക്കപ്പെടാത്തവരുടെ ശബ്‌ദമാണ് താനെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചന്ദ്രശേഖർ ആസാദിന്‍റെ പ്രതികരണം.
പാർലമെൻ്റിൽ തുടരുന്നിടത്തോളം കാലം ജനങ്ങൾക്ക് വേണ്ടി ശബ്‌ദമുയർത്തുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. ഭരണഘടനയ്ക്കും ജനങ്ങൾക്കും എതിരായി പ്രവർത്തിക്കുന്നവർ ആരായാലും അത് സംസ്ഥാന സർക്കാരായാലും കേന്ദ്ര സർക്കാരായാലും താൻ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ തെരഞ്ഞെടുത്ത ജനങ്ങൾക്ക് വേണ്ടിയാണ് താൻ പ്രവർത്തിക്കേണ്ടത്.
അത് സ്ത്രീകളോ യുവാക്കളോ കുട്ടികളോ മുതിർന്നവരോ തുടങ്ങി സമൂഹത്തിലെ ഏത് വിഭാഗത്തിന് വേണ്ടിയായാലും തന്‍റെ കടമകൾ നിറവേറ്റുമെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു. ബാബാസാഹെബ് അംബേദ്‌കർ പ്രതിമ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്വമേധയ നടപടി സ്വീകരിക്കാൻ തങ്ങളുടെ പാർട്ടി ലോക്‌സഭ മുൻ സ്‌പീക്കർക്ക് നേരത്തെ കത്ത് നൽകിയിരുന്നു. മാത്രമല്ല പാർലമെൻ്റിൽ നിയമങ്ങൾ രൂപീകരിക്കുന്നതിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടന്ന് മനസിലാക്കിയാൽ അതിനെതിരെ ശബ്‌ദമുയർത്തുമെന്ന് പാർട്ടിയെ പ്രതിനിധീകരിച്ച് അദ്ദേഹം പറഞ്ഞു.
പാർലമെൻ്റ് സമ്മേളന ചർച്ചാവേളയിൽ തങ്ങൾക്ക് വേണ്ടത്ര സമയം ലഭിക്കാത്തതിനാൽ പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒരു പുതിയ 'സ്വകാര്യ ബിൽ' സർക്കാർ കൊണ്ടുവരണമെന്നും ജനങ്ങളുടെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സമ്മേളനത്തിൻ്റെ സമയം വർധിപ്പിക്കണമെന്ന് ലോക്‌സഭ സ്‌പീക്കറോട് തങ്ങൾ ആവശ്യപ്പെടുമെന്നും ആസാദ് വ്യക്തമാക്കി.
പാർലമെൻ്റ് ഭരണകക്ഷിക്ക് മാത്രമുള്ളതല്ലെന്നും പ്രതിപക്ഷത്തിനും തന്നെപ്പോലുള്ള എംപിമാർക്കും കൂടിയുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കൂടാതെ ഭരണഘടന മൂല്യങ്ങളിൽ പ്രവർത്തിക്കുന്നയാളാണ് താനെന്നും ജാതി രാഷ്ട്രീയത്തിൽ ബന്ധിതനല്ലെന്നും ചന്ദ്രശേഖര്‍ ആസാദ് കൂട്ടിച്ചേര്‍ത്തു.
Also Read: "ലോക്‌സഭ സ്‌പീക്കർ സ്ഥാനത്തേക്ക് ടിഡിപിയെ പിന്തുണയ്ക്കാൻ ഇന്ത്യ സഖ്യം തയ്യാർ": സഞ്ജയ് റാവത്ത്