ആന്ധ്രാപ്രദേശ്: ചലച്ചിത്ര നടനും ജനസേന നേതാവുമായ പവൻ കല്യാൺ ആന്ധ്രാപ്രദേശിന്‍റെ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രിമാരുടെയും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പവന്‍ കല്യാണ്‍ ഡൽഹി മാധ്യമങ്ങൾക്ക് ഇതു സംബന്ധിച്ച് സൂചന നൽകിയത്.
ആന്ധ്രാപ്രദേശിലെ എൻഡിഎ സഖ്യത്തിന്‍റെ വിജയത്തിൽ പവൻ കല്യാണിന്‍റെ ജനസേന പാർട്ടി പ്രധാന പങ്കുവഹിച്ചു. ജനസേന പാർട്ടി മത്സരിച്ച 21 നിയമസഭ സീറ്റുകളിലും രണ്ട് ലോക്‌സഭ സീറ്റുകളിലും പാർട്ടി സ്ഥാനാർഥികൾ വിജയിച്ചു. എപി മുഖ്യമന്ത്രി ചന്ദ്രബാബു ഈ മാസം 12-ന് സത്യപ്രതിജ്ഞ ചെയ്യും.
അതേസമയം, ജനസേനയെ ആന്ധ്രാപ്രദേശ് മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. ജനസേനയിൽ നിന്ന് ഒരാൾക്ക് കേന്ദ്രമന്ത്രിസഭയിൽ ഇടം ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും ആർക്കും ആ അവസരം ലഭിച്ചില്ല.
ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് ആന്ധ്രാപ്രദേശ് മന്ത്രിസഭയിലേക്കാണ്. ജനസേനയിൽ നിന്ന് ആരൊക്കെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നും പവൻ കല്യാൺ മന്ത്രിസഭയിൽ ചേരുമോയെന്നും കണ്ടറിയണം.
ALSO READ: സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കണം; പഞ്ചാബ് സർക്കാരിന് കത്തെഴുതി അമൃത്‌പാൽ സിങ്