ഹൈദരാബാദ്: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭ, നിയസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചും തുടര്‍ന്ന് 100 ദിവസത്തിനകം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും നടത്താന്‍ നിര്‍ദേശിക്കുന്നതാണ് ബില്ല്. ഇന്ത്യ സഖ്യം ഉള്‍പ്പെടെയുളള പാര്‍ട്ടികളുടെ എതിര്‍പ്പ് അവഗണിച്ചാണ് തിങ്കളാഴ്‌ച (ഡിസംബര്‍ 16) ലോക്‌സഭയില്‍ ബില്ല് അവതരിപ്പിക്കുക. കേന്ദ്ര നിയമ - നീതി മന്ത്രി അർജുൻ റാം മേഘ്‌വാളാണ് ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കുക.
ഭരണഘടനയുടെ 129-ാം ഭേദഗതി ബില്ല് ലോക്‌സഭ തെരഞ്ഞെടുപ്പും സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്താന്‍ നിര്‍ദേശിക്കുമ്പോള്‍ കേന്ദ്രഭരണ പ്രദേശങ്ങളുടെ നിയമ (ഭേദഗതി) ബില്ല് ജമ്മു കശ്‌മീരിലെയും ന്യൂഡൽഹിയിലെയും നിയമസഭ തെരഞ്ഞെടുപ്പുകൾ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾക്കൊപ്പം നടത്താന്‍ നിര്‍ദേശിക്കുന്നു.
ഭരണഘടനയില്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുക?
ഭരണഘടനയുടെ 129-ാം ഭേദഗതി ബില്ല്: ലോക്‌സഭ, നിയസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ നിര്‍ദേശിക്കുന്ന ആര്‍ട്ടിക്കിള്‍ 82എ ഭരണഘടനയില്‍ പുതിയതായി ചേര്‍ക്കും. കൂടാതെ ലോക്‌സഭയുടെയും നിയമസഭയുടെയും കാലാവധിയുമായി ബന്ധപ്പെട്ട ആര്‍ട്ടിക്കിള്‍ 83, ആര്‍ട്ടിക്കിള്‍ 172 എന്നിവയില്‍ ഭേദഗതി വരുത്തും.
കേന്ദ്രഭരണ പ്രദേശങ്ങളുടെ നിയമ (ഭേദഗതി) ബില്ല്: ഡൽഹിയിലെയും ജമ്മു കശ്‌മീരിലെയും തെരഞ്ഞെടുപ്പുകള്‍ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് ഒപ്പം നടത്തുന്നതിനായി യൂണിയന്‍ ടെറിട്ടറിസ് ആക്‌ട് 1963ലെ സെക്ഷൻ 5, ഗവൺമെന്‍റ് ഓഫ് നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ആക്‌ട് 1991 ലെ സെക്ഷൻ 5, 2019ലെ ജമ്മു കശ്‌മീർ പുനസംഘടന നിയമത്തിലെ സെക്ഷൻ 17 എന്നിവയിൽ ഭേദഗതി വരുത്തും.
ബില്ല് പാസായാല്‍ എന്ത് സംഭവിക്കും?
പുതിയ ആർട്ടിക്കിൾ (82എ) പ്രകാരം, പൊതു തെരഞ്ഞെടുപ്പിന് ശേഷമുള്ള ലോക്‌സഭയുടെ ആദ്യ സിറ്റിങ് തീയതി നിശ്ചയിച്ച് രാഷ്‌ട്രപതി വിജ്ഞാപനമിറക്കും. നിയുക്ത തീയതി മുതൽ അഞ്ച് വർഷമായിരിക്കും ലോക്‌സഭയുടെ കാലാവധി. ആ തീയതിക്ക് ശേഷം തെരഞ്ഞെടുക്കപ്പെട്ട നിയമസഭകളുടെയും അതിന് മുന്‍പ് തെരഞ്ഞെടുക്കപ്പെട്ട് കാലാവധി തിരാത്ത നിയമസഭകളുടെയും കാലാവധി നിയുക്ത തീയതി മുതല്‍ അഞ്ച് വര്‍ഷമായിരിക്കും. അതിനുശേഷം, ലോക്‌സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തും.
ഉദാഹരണം: നിലവിലെ ലോക്‌സഭയുടെ ആദ്യ സിറ്റിങ് തീയതിയായി 2024 ജൂൺ 24 ആണ് തീരുമാനിക്കുന്നതെങ്കിൽ ലോക്‌സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേസമയം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പ് 2029 ജൂണിലായിരിക്കും നടക്കുക. 2024 ജൂണിനു ശേഷവും 2029 ജൂണിനു മുമ്പുമായി കാലാവധി തീരുന്ന എല്ലാ നിയമസഭകളും 2029 ജൂൺ വരെ തുടരും.
ലോക്‌സഭയോ നിയമസഭയോ താഴെവീണാല്‍ എന്ത് സംഭവിക്കും?
കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് ലോക്‌സഭയോ നിയമസഭയോ താഴെവീണാല്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തും. എന്നാല്‍ ഇടക്കാല സര്‍ക്കാരിന്‍റെ കാലാവധി ആദ്യം രൂപികരിച്ച സര്‍ക്കാരിന്‍റെ ഭാക്കിയുളള കാലാവധി മാത്രമായിരിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉദാഹരണം: 2029 ജൂണിലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും ലോക്‌സഭയോ നിയമസഭയോ താഴെവീണാല്‍ പിന്നീട് വരുന്ന ഇടക്കാല സര്‍ക്കാരിന്‍റെ കാലാവധി 2034 ജൂൺ വരെ ആയിരിക്കും. ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ചത് മുതല്‍ അഞ്ച് വര്‍ഷം ആയിരിക്കില്ല.
ഏതെങ്കിലും നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കഴിയുമോ
ഏതെങ്കിലും നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പൊതുതെരഞ്ഞെടുപ്പിനൊപ്പം നടത്താനാവില്ലെന്ന് തോന്നുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് രാഷ്‌ട്രപതിക്ക് ശുപാർശ നല്‍കി തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ സാധിക്കും.
Also Read: ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ബില്ല് ഡിസംബർ 16ന് ലോക്‌സഭയില്‍