ഡെറാഢൂൺ: വിവാഹങ്ങൾ എല്ലാ നാട്ടിലും കൊണ്ടാടുന്നത് തന്നെ. എന്നാൽ നാം കേട്ടിട്ടുള്ളതിൽ നിന്നും ഏറെ വ്യത്യസ്‌തമാണ് ഈ കല്യാണക്കഥ. ഉത്തരാഖണ്ഡിലെ ബാഗേശ്വറിലെ മയൂൺ ഗ്രാമം രണ്ട് ആൽമരങ്ങളുടെ വിവാഹത്തിനാണ് സാക്ഷിയായത്. ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിൽ നടന്നത് വെറുമൊരു വിവാഹമായിരുന്നില്ല. ആചാരമനുസരിച്ചുള്ള വലിയ വിവാഹമായിരുന്നു.
നൂറുകണക്കിന് ആളുകളാണ് ഈ വിവാഹത്തിന് സാക്ഷിയായത്. നൈനിറ്റാളിൽ നിന്നാണ് വിവാഹ ചടങ്ങുകൾക്കായി ആചാര്യനെത്തിയത്. മാത്രമല്ല, വിവാഹത്തിന് അതിഥികൾ എത്തിയത് നൈനിറ്റാൾ, ഹൽദ്വാനി, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ്. ആൽമരത്തെ വരന്‍റെ രൂപത്തിൽ അണിയിച്ചൊരുക്കി പല്ലക്കിലിരുത്തിയാണ് ഗ്രാമത്തിലെ ഗോൽജ്യൂ ക്ഷേത്രത്തിലെത്തിച്ചത്.
തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പരമ്പരാഗത നൃത്തവുമായാണ് ഘോഷയാത്ര ഗ്രാമപാതയിലൂടെ കടന്നുപോയത്. പിന്നീട് ഘോഷയാത്ര ഗ്രാമത്തിലെ ദേവി ക്ഷേത്രത്തിലെത്തിച്ചേർന്നു. ദേവീക്ഷേത്രത്തിൻ്റെ അങ്കണത്തിൽ മറ്റൊരു ആൽമരത്തെ വധുവിന്‍റെ രൂപത്തിൽ അണിയിച്ചൊരുക്കിയിരുന്നു. തുടർന്ന് വേദമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് വിവാഹ ചടങ്ങുകൾ പൂർത്തിയായി.
മരങ്ങളെ ആരാധിച്ചുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം സനാതന സംസ്‌കാരത്തിലല്ലാതെ മറ്റെങ്ങും കാണാനില്ലെന്നും നൈനിറ്റാളിൽ നിന്ന് എത്തിയ ആചാര്യ കെ സി സുയാൽ അഭിപ്രായപ്പെട്ടു. ഇത്തരം പരിപാടികൾ സമൂഹത്തെ ഒന്നിപ്പിക്കാൻ സഹായിക്കുന്നുണ്ടെന്നും അന്യം നിൽക്കുന്ന നമ്മുടെ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുന്നുവെന്നും എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് ജോഷി പറഞ്ഞു. ഇത്തരം ആചാരങ്ങൾ മുൻപ് നിലനിന്നിരുന്നതായും അദ്ദേഹം ഓർമിപ്പിച്ചു.
Also Read: എന്താണ് 'സൗഹൃദ വിവാഹം'? ; പ്രണയമോ ലൈംഗികതയോ ഇല്ലാത്ത പുത്തന്‍ റിലേഷന്‍ഷിപ്പ് ട്രെന്‍ഡ്