ന്യൂഡല്‍ഹി: കാനഡയുമായുള്ള തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. രാജ്യത്തിന്‍റെ സുപ്രധാന വിഷയത്തില്‍ നമുക്ക് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാമെന്ന് മോദി സര്‍ക്കാരിനോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി. കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ ആരോപണങ്ങൾക്കിടയിൽ ഇന്ത്യയുടെ അന്താരാഷ്‌ട്ര പ്രതിച്ഛായ സംരക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
'നിയമവാഴ്‌ചയിൽ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു രാജ്യമെന്ന നിലയിൽ നമ്മുടെ രാജ്യത്തിന്‍റെ അന്തർദേശീയ പ്രതിച്ഛായ അപകടത്തിലാണ്, അതിനെ പ്രതിരോധിക്കാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടത് നിർണായകമാണ്. ദേശീയ സുരക്ഷയും വിദേശ നയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ, രാജ്യം എല്ലായ്പ്പോഴും ഒന്നായിരിക്കണം,' എന്ന് അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു.
കാനഡയും മറ്റ് രാജ്യങ്ങളും ഇന്ത്യയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ ഇന്ത്യയുടെ ആഗോള പ്രശസ്‌തിയെ കളങ്കപ്പെടുത്തുമെന്നും ഇന്ത്യയുടെ പ്രതിച്ഛായ ആഗോളതലത്തില്‍ ഇല്ലാതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാനും ചര്‍ച്ച ചെയ്യാനും മോദി തയ്യാറാകണമെന്ന് ജയറാം രമേശ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അത്യന്തം സെൻസിറ്റീവും നിർണായകവുമായ ഈ വിഷയത്തിൽ പാർലമെന്‍റിന്‍റെ ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കളെയും മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസത്തിലെടുക്കുകയും കൂടിയാലോചന നടത്തുകയും ചെയ്യുമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതീക്ഷിക്കുന്നു എന്ന് അദ്ദേഹം നേരത്തെ എക്‌സില്‍ കുറിച്ചിരുന്നു.
The Indian National Congress has already asked the Prime Minister to take the Leaders of Opposition in both Houses of Parliament, and other political leaders, into confidence on the serious charges leveled against the government of India by USA and Canada.
— Jairam Ramesh (@Jairam_Ramesh) October 16, 2024
This demand is…
കഴിഞ്ഞ വർഷം പാർലമെന്‍റില്‍ കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ നടത്തിയ പ്രസംഗത്തിൽ ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് തനിക്ക് തെളിവ് ലഭിച്ചെന്നും അവകാശപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാകാൻ തുടങ്ങിയത്. 2020 ൽ ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസി ഭീകരനായി പ്രഖ്യാപിച്ച നിജ്ജാർ, 2023 ജൂണിൽ കാനഡയിലെ സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വെടിയേറ്റ് മരിച്ചിരുന്നു.