ചാമരാജനഗർ (കർണാടക) : വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ കർണാടക സ്വദേശികളായ ഏഴുപേർ മരിച്ചു. അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ചാമരാജനഗറിൽ നിന്നുള്ള നാല് പേരും മാണ്ഡ്യ ജില്ലയിൽ നിന്നുള്ള മൂന്നുപേരും മരിച്ചതായി ഗുണ്ടല്‍പേട്ട് തഹസിൽദാർ രമേഷ് ബാബു ഇടിവി ഭാരതിനോട് പറഞ്ഞു.
ഇന്നലെ ചാമരാജനഗർ സ്വദേശികളായ പുട്ടസിദ്ദി, റാണി എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇന്ന് (ജൂലെെ 31) മാണ്ഡ്യ സ്വദേശികളായ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. വൈത്തിരി ആശുപത്രിയില്‍ നിന്നാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ചാമരാജനഗർ താലൂക്കിലെ ഇറസവാടി സ്വദേശികളായ രാജൻ, രജനി എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുണ്ട്.
ഉരുള്‍പൊട്ടലില്‍ കാണാതായ കര്‍ണാടക സ്വദേശികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. ചാമരാജനഗർ തഹസിൽദാർ ഗിരിജമ്മ, ഗുണ്ടല്‍പേട്ട് തഹസിൽദാർ രമേഷ് ബാബു എന്നിവരുടെ സംഘം വൈത്തിരി താലൂക്ക് കേന്ദ്രത്തിലും പരിചരണ കേന്ദ്രങ്ങളിലും ആശുപത്രികളിലും സന്ദർശനം നടത്തി.
മരിച്ച കന്നഡിഗർക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. മരിച്ചവരുടെ ആത്മാവിന് ശാന്തി ലഭിക്കാൻ പ്രാർഥിക്കുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ എക്‌സിൽ കുറിച്ചു. കർണാടകയിലെ രണ്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരും എൻഡിആർഎഫ് സംഘവും കരസേനയും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കാൻ തൊഴിൽ മന്ത്രി സന്തോഷ് ലാഡ് വയനാട്ടിലേക്ക് പോകും. അവരുടെ ജീവൻ രക്ഷിക്കുക എന്നതാണ് ഞങ്ങളുടെ പ്രഥമ പരിഗണന. ദുരിതത്തിൽ കഴിയുന്ന കന്നഡക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.