ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ പരിശോധിക്കുന്നതിനായി കേന്ദ്ര പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു നിർദേശിച്ച 31 അംഗങ്ങളുള്ള സംയുക്ത പാർലമെന്‍ററി സമിതി(ജെപിസി) രൂപീകരിച്ചു. 21 ലോക്‌സഭ എംപിമാരും 10 രാജ്യസഭ എംപിമാരും അടങ്ങുന്നതാണ് സമിതി. എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസിയും കോൺഗ്രസ് എംപി ഇമ്രാൻ മസൂദും സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇന്നലെ (ആഗസ്റ്റ് 8) ബില്ല് അവതരിപ്പിക്കുന്നതിനിടയിൽ ലോക്‌സഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടർന്നാണ് ബിൽ 31 അംഗങ്ങളുള്ള പാർലമെന്‍ററി സമിതിക്ക് വിട്ടത്. ജെപിസിയിലേക്കുള്ള 21 ലോക്‌സഭ എംപിമാരുടെ പേരുകൾ കിരൺ റിജിജു നിർദ്ദേശിച്ചു. ബാക്കി 10 അംഗങ്ങളുടെ പേരുകൾ ശുപാർശ ചെയ്യാൻ അദ്ദേഹം രാജ്യസഭയോട് ആവശ്യപ്പെട്ടു.
ജഗദാംബിക പാൽ, നിഷികാന്ത് ദുബെ, തേജസ്വി സൂര്യ, അപരാജിത സാരംഗി, സഞ്ജയ് ജയ്‌സ്വാൾ, ദിലീപ് സൈകിയ, അഭിജിത് ഗംഗോപാധ്യായ്, ഡി കെ അരുണ, ഗൗരവ് ഗൊഗോയ്, ഇമ്രാൻ മസൂദ്, മുഹമ്മദ് ജാവേദ്, കല്യാൺ ബാനർജി, എ രാജ, ലവു ശ്രീകൃഷ്‌ണ ദേവരായലു, ദിലേശ്വർ കമൈത്, അരവിന്ദ് സാവന്ത്, മൗലാന മൊഹിബുള്ള നദ്വി, സുരേഷ് ഗോപിനാഥ്, നരേഷ് ഗൺപത് മ്ഹസ്കെ, അരുൺ ഭാരതി, അസദുദ്ദീൻ ഒവൈസി എന്നിവരാണ് റിജുജു നിർദേശിച്ച ലോക്‌സഭ അംഗങ്ങൾ.
ബ്രിജ് ലാൽ, ഡോ. മേധാ വിശ്രം കുൽക്കർണി, ഗുലാം അലി, ഡോ. രാധാ മോഹൻ ദാസ് അഗർവാൾ, സയ്യിദ് നസീർ ഹുസൈൻ, മുഹമ്മദ് നദീം ഉൽ ഹഖ്, വി വിജയസായി റെഡ്ഡി, എം മുഹമ്മദ് അബ്‌ദുള്ള, സഞ്ജയ് സിങ്, ഡോ ധർമ്മസ്ഥല വീരേന്ദ്ര ഹെഗ്ഗഡെ എന്നിവരാണ് ജെപിസിയിൽ അംഗങ്ങളാകുന്ന 10 രാജ്യസഭാംഗങ്ങൾ.