മഹാരാഷ്‌ട്ര : തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഇവിഎം മെഷീന്‍ തീവച്ച് നശിപ്പിക്കാന്‍ വോട്ടറുടെ ശ്രമം. മാധ ലോക്‌സഭ മണ്ഡലത്തിലെ ബാഗൽവാഡിയിലാണ് സംഭവം. സംഭവത്തെ തുടർന്ന് വോട്ടിങ് നടപടികൾ കുറച്ചു നേരം നിർത്തിവച്ചു.
ഉച്ചയോടെ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇവിഎം മെഷീന് മുകളിൽ പെട്രോൾ ഒഴിച്ച് കത്തിച്ചത്. 'ഒരു മറാത്ത ലക്ഷം മറാത്ത' എന്ന് വിളിച്ചു പറഞ്ഞ് കൊണ്ടാണ് യുവാവ് പെട്രോൾ ഒഴിച്ചത് എന്നാണ് റിപ്പോര്‍ട്ട്. വോട്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുതിയ ഇവിഎം മെഷീൻ സ്ഥാപിച്ചാണ് വോട്ടിങ് പ്രക്രിയ പുനരാരംഭിച്ചത്.
മാധ ലോക്‌സഭ മണ്ഡലത്തില്‍ ബിജെപിയുടെ സിറ്റിങ് എംപി രഞ്ജിത്‌സിൻ നായിക് നിംബാൽക്കറും എന്‍സിപിയുടെ മോഹിതെ പാട്ടീലും തമ്മിലാണ് കടുത്ത പോരാട്ടം നടക്കുന്നത്. ആകെ 32 സ്ഥാനാർഥികളാണ് മാധ ലോക്‌സഭയില്‍ ജനവിധി തേടിയത്.
11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. അതേസമയം, ഛത്തീസ്‌ഗഡ്, അസം, കർണാടക, ഗുജറാത്ത്, ഗോവ, എന്നീ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഇന്നത്തെ മൂന്നാം ഘട്ടത്തോടെ പൂർത്തിയായി. മേയ് 13-ന് ആണ് നാലാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ 4 ന് വോട്ടെണ്ണും.
Also Read : തെരഞ്ഞെടുപ്പിനിടെ മാള്‍ഡയില്‍ ബോംബേറ്; പരസ്‌പരം പഴിചാരി കോണ്‍ഗ്രസും തൃണമൂലും - Bombs Hurled In Malda Ratua