ന്യൂഡല്‍ഹി: വിശാഖപട്ടണം ചാരക്കേസുമായി ബന്ധപ്പെട്ട് രാജ്യവ്യാപക റെയ്‌ഡുകളുമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). ഏഴ് സംസ്ഥാനങ്ങളിലായി പതിനാറിടങ്ങളിലാണ് എന്‍ഐഎ തെരച്ചില്‍ നടത്തിയത്. നിരവധി നിര്‍ണായക രേഖകള്‍ കണ്ടെത്തിയെന്നാണ് ലഭിക്കുന്ന വിവരം.
ഗുജറാത്ത്, കര്‍ണാടക, കേരള, തെലങ്കാന, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന സംസ്ഥാനങ്ങളിലാണ് എന്‍ഐഎ റെയ്‌ഡുകള്‍ നടത്തിയത്. ഇന്ത്യയില്‍ ചാരവൃത്തി നടത്താന്‍ പാകിസ്ഥാനില്‍ നിന്ന് പണം ലഭിച്ച ചിലരുടെ വിവരങ്ങളും റെയ്‌ഡില്‍ കണ്ടെത്താനായിട്ടുണ്ട്. പ്രതിരോധ രഹസ്യങ്ങളാണ് ഇവര്‍ ചോര്‍ത്തിയത്.
22 മൊബൈല്‍ ഫോണുകളും എന്‍ഐഎ പിടിച്ചെടുത്തു. 2021 ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്‌ത കേസ് 2023 ജൂലൈയിലാണ് എന്‍ഐഎ ഏറ്റെടുത്തത്. രണ്ട് പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
പാകിസ്ഥാനില്‍ നിന്ന് ഒളിച്ചോടിയെത്തിയ മീര്‍ ബാലാജ് ഖാന്‍, ആകാശ് സോളങ്കി എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ഇരുവര്‍ക്കും ചാരവൃത്തി ശൃംഖലയുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റ് രണ്ട് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മന്‍മോഹന്‍ സുരേന്ദ്ര പാണ്ട, അല്‍വന്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ പാണ്ടയെ അറസ്റ്റ് ചെയ്‌തിരുന്നു. 2024 മെയില്‍ എന്‍ഐഎയുടെ ഉപ കുറ്റപത്രത്തില്‍ മറ്റൊരു പാകിസ്ഥാനി അമന്‍ സലിം ഷെയ്ഖ് എന്നയാളെയും ഉള്‍പ്പെടുത്തിയിരുന്നു.
നേരത്തെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുന്‍ സൈനിക ഉദ്യോഗസ്ഥനെയും എന്‍ഐഎ പ്രത്യേക കോടതി കഠിന തടവിന് ശിക്ഷിച്ചിരുന്നു. സൗരഭ് ശര്‍മ്മയെന്ന ഇയാള്‍ക്ക് അഞ്ച് വര്‍ഷത്തെ കഠിന തടവാണ് കോടതി വിധിച്ചത്. അനസ് യാക്കൂബ് ഗിതേലി എന്ന ഗുജറാത്ത് സ്വദേശിയായ മറ്റൊരാളും ശര്‍മ്മയ്ക്കൊപ്പം അറസ്റ്റിലായിരുന്നു.