കൊല്‍ക്കത്ത : ഏഴാംഘട്ട വോട്ടടുപ്പ് പുരോഗമിക്കവേ പശ്ചിമ ബംഗാളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തൃണമൂല്‍ കോണ്‍ഗ്രസ്, ഐഎസ്‌എഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ആക്രമണത്തില്‍ രണ്ട് ഐഎസ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
പോളിങ് ബൂത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ചെറിയ വാക്ക് തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അതേസമയം ജയ്‌നഗറിലും സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. കുല്‍തലിയിലെ പോളിങ് ബൂത്തിലെ വിവിപാറ്റ്, ഇവിഎം എന്നിവ ബിജെപി പ്രവര്‍ത്തകര്‍ കുളത്തിലെറിഞ്ഞു.
വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതില്‍ പ്രകോപരിതരായ ഒരു സംഘം വിവിപാറ്റ്, ഇവിഎം എന്നിവ കുളത്തിലെറിയുകയായിരുന്നു. ബിജെപി പ്രവര്‍ത്തകരാണ് വോട്ടിങ് യന്ത്രങ്ങള്‍ കുളത്തിലെറിഞ്ഞതെന്ന് ടിഎംസി ആരോപിച്ചു.
രാജ്യത്ത് 7 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമാണ് ഇന്ന് (ജൂണ്‍ 1) ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ബംഗാള്‍, ബിഹാര്‍, ഒഡിഷ, ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഛണ്ഡീഗഡ് എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 57 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 904 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു.
പ്രധാനമന്ത്രി അടക്കമുള്ള സ്ഥാനാര്‍ഥികളാണ് ഇന്ന് മത്സരിക്കുന്നത്. രാവിലെ ഏഴ് മണിക്ക് പോളിങ് ബൂത്തുകളില്‍ വോട്ടിങ് ആരംഭിച്ചു. പല മണ്ഡലങ്ങളിലും കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
Also Read: എക്‌സിറ്റ് പോള്‍ ചര്‍ച്ചകള്‍ ബഹിഷ്‌ക്കരിച്ച് കോണ്‍ഗ്രസ്; തോൽവി സമ്മതിക്കലെന്ന് ജെ പി നദ്ദ