മേദക് (തെലങ്കാന) : മന്ത്രവാദം ആരോപിച്ച് നാട്ടുകാരുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. കോൽചരം മണ്ഡൽ മന്ദപൂർ ഗ്രാമത്തിലെ ഗോധുകടി രാമുലു (65) ഭാര്യ വെങ്കിട ലക്ഷ്‌മി സുഹൃത്തായ ബാലാമണി എന്നിവർ ഗൊല്ലഗുഡെം സന്ദർശിക്കാനെത്തിയപ്പോഴാണ് നാട്ടുകാരുടെ ആക്രമണത്തിനിരയായത്. കണ്ണേറ് അകറ്റുന്നതിനെ ചുറ്റിപ്പറ്റിയുള്ള ആചാരമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.
വയറിളക്കം ബാധിച്ച രാമുലുവിനെ രക്ഷിക്കുന്നതിനായാണ് ആചാരം നടത്തിയത്. തെക്‌മാലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ബോഡ്‌മത്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും രാമുലുവിനെ പ്രവേശിപ്പിച്ചെങ്കിലും അസുഖം ഭേദമായില്ല. കണ്ണേറ് നീക്കുന്ന ആചാരം നടത്തി രക്ഷിക്കാമെന്ന് പറഞ്ഞ് ബാലാമണി ചൊവ്വാഴ്‌ച (സെപ്‌റ്റംബർ 3) രാവിലെ റോഡിൽ ഒരു പാത്രം വച്ചുകൊണ്ട് ചടങ്ങ് നടത്തി.
എന്നാൽ ഇത് ഗ്രാമവാസികളിൽ ചിലരെ പ്രകോപിപ്പിക്കുകയും മൂവരും മന്ത്രവാദം ചെയ്യുകയാണെന്ന് ആരോപിക്കുകയും ചെയ്‌തു. പിന്നീട് നാട്ടുകാർ ക്രൂരമായ മർദനത്തിനിരയാക്കുകയായിരുന്നു. ആക്രമണത്തിനൊടുവിൽ മൂവർക്കും ഗ്രാമവിലക്ക് ഏർപ്പെടുത്തി. എന്നാൽ അവർ കനത്ത മഴയിൽ ഒരു രാത്രി മുഴുവൻ മരത്തിൻ്റെ ചുവട്ടിൽ കഴിഞ്ഞു.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും രാമുലു ഇതിനോടകം മരിച്ചിരുന്നു. മറ്റ് രണ്ട് സ്‌ത്രീകൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.