കൃഷ്‌ണഗിരി(തമിഴ്‌നാട്): 'കര്‍ണാടകയിലെ മുന്‍ മന്ത്രി രാജ ഗൗഡ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ താനുമൊരു കാരണമാണ്. രാജഗൗഡയ്ക്ക് വോട്ട് ചെയ്യണമെന്ന് താന്‍ അറിയുന്ന എല്ലാവരോടും അഭ്യര്‍ത്ഥിച്ചിരുന്നു' വീരപ്പന്‍ 1999ല്‍ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞ വാക്കുകളാണിവ. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും കാടുകളില്‍ ഒളിച്ച് കഴിയുകയും ചെയ്‌ത - രാഷ്‌ട്രീയത്തോട് യാഥാര്‍ത്ഥ്യമാക്കാനാകാതെ പോയ അടങ്ങാത്ത അഭിനിവേശം ഉണ്ടായിരുന്ന ആളായിരുന്നു വീരപ്പന്‍.
ഫൂലന്‍ദേവി രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചതോടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അവര്‍ക്ക് മാപ്പ് നല്‍കിയത് എങ്ങനെയെന്നും അദ്ദേഹം പരാമര്‍ശിച്ചിരുന്നു. ഇത് ഉദാഹരിച്ച് കൊണ്ട് തനിക്കും ഇത്തരത്തില്‍ ഒരു പൊതുമാപ്പ് ലഭിക്കുമെന്ന പ്രതീക്ഷ വീരപ്പന്‍ പുലര്‍ത്തിയിരുന്നു. വനത്തില്‍ വച്ച് അദ്ദേഹം പുറത്ത് വിട്ട -ശബ്‌ദ-ദൃശ്യ സന്ദേശങ്ങള്‍ രാഷ്‌ട്രീയ താത്‌പര്യം വെളിപ്പെടുത്തുന്നവയായിരുന്നു. എന്നാല്‍ 2004ല്‍ അദ്ദേഹം വെടിയേറ്റ് മരിച്ചതോടെ ആ ആഗ്രഹങ്ങള്‍ ഒരിക്കലും സാക്ഷാത്ക്കരിക്കപ്പെടാതെ പോയി.
ഇപ്പോള്‍ അദ്ദേഹത്തിന്‍റെ മൂത്ത മകള്‍ വിദ്യാറാണി വീരപ്പന്‍ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിച്ച് വീരപ്പന്‍റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങുകയാണ്. ഇക്കുറി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ കൃഷ്‌ണഗിരി പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്ന് നാം തമിഴ് പാര്‍ട്ടിയ്ക്ക് (എന്‍ടിപി) വേണ്ടി ജനവിധി തേടുകയാണ് വിദ്യാറാണി. തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയിലുള്ള മണ്ഡലത്തില്‍ വിദ്യാറാണിയുടെ പ്രചാരണം വളരെ സജീവമാണ്. തന്‍റെ രാഷ്‌ട്രീയ സ്വപ്‌നങ്ങള്‍ വിദ്യാറാണി ഇടിവി ഭാരതിനോട് പങ്കുവച്ചു.
- ചോദ്യം: പ്രചാരണത്തോട് ജനങ്ങളുടെ പ്രതികരണം എങ്ങനെ?
ഉത്തരം: പ്രചാരണത്തിനെത്തുന്ന തന്നോട് വീട്ടിലെ ഒരു സ്‌ത്രീയോട് പെരുമാറുന്നത് പോലെയാണ് ആളുകള്‍ ഇടപെടുന്നത്. അച്‌ഛനില്ലാത്ത ഒരു മകളോട് ജനങ്ങള്‍ അതീവ വാത്‌സല്യം പ്രകടിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് സാഹചര്യങ്ങള്‍ തനിക്ക് വളരെ അനുകൂലമണ്. രാഷ്‌ട്രീയത്തിനപ്പുറം അവര്‍ വൈകാരികമായി തന്നെ ഒരു മകളായി കാണുന്നു.
- ചോദ്യം: രാഷ്‌ട്രീയ യാത്രയില്‍ നിങ്ങളുടെ അമ്മയുടെയും സഹോദരിയുടെയും പിന്തുണയുണ്ടോ?
ഉത്തരം: അവര്‍ തീര്‍ച്ചയായും എന്നെ പിന്തുണയ്ക്കും. കാരണം അവര്‍ തമിഴ്‌ദേശീയതയില്‍ ജീവിക്കുന്നവരാണ്.
- ചോദ്യം: അടുത്തിടെ വീരപ്പന്‍റെ ജീവിതത്തെക്കുറിച്ച് ഒരു ഹ്രസ്വചിത്രം പുറത്ത് വന്നിരുന്നു. പുതിയ തലമുറയ്ക്ക് അദ്ദേഹത്തിന്‍റെ ജീവിതത്തെക്കുറിച്ച് അജ്ഞാതമായിരുന്ന പല വിവരങ്ങളും ഇതില്‍ നിന്ന് ലഭിച്ചു. അതേക്കുറിച്ച് നിങ്ങളുടെ അഭിപ്രായമെന്താണ്?
ഉത്തരം: അക്കാലത്തെ രാഷ്‌ട്രീയത്തെക്കുറിച്ച് അച്‌ഛന്‍ പറഞ്ഞിരുന്നു. അന്ന് അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ആളുകള്‍ക്ക് ദൈവം ഇപ്പോള്‍ മനസിലാക്കി കൊടുത്തിരിക്കുന്നു. അച്‌ഛന്‍ പല ആളുകളെയും കണ്ടിട്ടുണ്ട്. ചിലര്‍ക്ക് അദ്ദേഹം കുറ്റവാളി ആയിരുന്നു. മറ്റ് ചിലര്‍ക്ക് അദ്ദേഹമൊരു നേതാവും. ഇന്ന് എല്ലാവര്‍ക്കും അദ്ദേഹത്തിന്‍റെ ഓരോ പ്രവൃത്തിയുടെ പിന്നിലുള്ള നന്മകളും തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്. താന്‍ അദ്ദേഹം ചെയ്‌ത കുറ്റകൃത്യങ്ങളെയൊന്നും ന്യായീകരിക്കുന്നില്ല.
- ചോദ്യം: വിജയസാധ്യതകള്‍?
ഉത്തരം: മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണയുണ്ട്. എല്ലാവരും എനിക്ക് വോട്ട് ചെയ്യാന്‍ അക്ഷമയോടെ കാത്തിരിക്കുന്നു.
- ചോദ്യം: വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. ഇപ്പോള്‍ പാര്‍ട്ടി വിടാനുണ്ടായ കാരണം?
ഉത്തരം: ബിജെപി ഒരു ദേശീയ പാര്‍ട്ടിയാണ്. ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനാകുമെന്ന പ്രതീക്ഷയോടെയാണ് താന്‍ അവര്‍ക്കൊപ്പം ചേര്‍ന്നത്. ഒന്നരവര്‍ഷം അവര്‍ക്കൊപ്പം നിന്നിട്ടും അതിന് ഒരു അവസരം കിട്ടിയില്ല. അതോടെ താന്‍ സജീവ രാഷ്‌ട്രീയം ഉപേക്ഷിച്ചു. ഇക്കുറി അവസാന നിമിഷം ഇതേ മണ്ഡലത്തില്‍ ബിജെപി തനിക്ക് സീറ്റ് നല്‍കി. എന്നാല്‍ ചില നയപ്രശ്‌നങ്ങള്‍ കാരണം ഞാന്‍ ബിജെപി വിട്ട് നാം തമിളര്‍ കച്ചിയില്‍ ചേര്‍ന്നു.
- ചോദ്യം: നയപ്രശ്‌നം കാരണമാണ് ബിജെപി വിട്ടതെന്ന് നിങ്ങള്‍ പറയുന്നു. നാം തമിളര്‍ കച്ചിയില്‍ നിങ്ങളെ ആകര്‍ഷിച്ചത് എന്താണ്?
ഉത്തരം: ജീവിതത്തോട് ഉള്ള സ്‌നേഹം. അടുത്ത തലമുറയെ രക്ഷിക്കണമെങ്കില്‍ വൃക്ഷങ്ങളെയും മണ്ണിനെയും ഭൂമിയെയും വെള്ളത്തെയും എല്ലാം നാം സംരക്ഷിക്കേണ്ടതുണ്ട്. ഇവയെല്ലാം നാം അടുത്ത തലമുറയിലേക്ക് സുരക്ഷിതമായി കൈമാറണം. പ്രകൃതി സ്‌നേഹ തത്വങ്ങളാണ് എന്നെ ഇതിലേക്ക് ആകര്‍ഷിച്ചത്. അത് അടുത്ത തലമുറയെയും നാം പഠിപ്പിക്കണം.
- ചോദ്യം: മണ്ഡലത്തിന് നല്‍കുന്ന വാഗ്‌ദാനങ്ങള്‍?
ഉത്തരം: ബെംഗളുരു മെട്രോ ഹൊസൂറിലേക്ക് നീട്ടും. ഹുസൂറില്‍ ഒരു രാജ്യാന്തരവിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രവര്‍ത്തിക്കും. ഭൂ ഉടമകള്‍ക്ക് വന്‍തോതില്‍ കൃഷി ഭൂമി നഷ്‌ടമായി. ഭൂഗര്‍ഭജലം സ്വകാര്യ മുതലാളിമാര്‍ വന്‍തോതില്‍ കൊള്ളയടിക്കുന്നു. ഇവ കൃഷിയെ വിഷമ വൃത്തത്തിലാക്കിയിരിക്കുന്നു. ഈ മേഖലയിലെ ഫാക്‌ടറികളില്‍ 80 ശതമാനം തൊഴില്‍ ഇവിടെയുള്ളവര്‍ക്ക് നല്‍കണമെന്ന മണ്ണിന്‍റെ മക്കള്‍ വാദം താനുയര്‍ത്താന്‍ പോകുകയാണ്.
Also Read: ലോക്‌സഭാ തെരഞ്ഞെടുപ്പ്: ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് എഐഎഡിഎംകെ