ന്യൂഡല്‍ഹി : മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനിയെ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹത്തെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിജെപി നേതാവിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്നും ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു.
മാര്‍ച്ച് 30ന് 96 വയസുള്ള അദ്ദേഹത്തെ രാജ്യം ഭാരതരത്‌ന നല്‍കി ആദരിച്ചിരുന്നു. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു നേരിട്ട് അദ്ദേഹത്തിന്‍റെ വസതിയിലെത്തിയാണ് ഭാരതരത്‌ന സമ്മാനിച്ചത്. അദ്വാനിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് അദ്ദേഹത്തിന്‍റെ വസതിയിലെത്തി രാഷ്ട്രപതി പുരസ്‌കാരം സമ്മാനിച്ചത്.
നരേന്ദ്ര മോദി, ജഗദീപ് ധൻഖർ, എം വെങ്കയ്യ നായിഡു എന്നിവരും ചടങ്ങിൽ പങ്കെടുത്തു. എൽ കെ അദ്വാനിയെ ഭാരതരത്‌ന നൽകി ആദരിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. രാജ്യം കണ്ടതിൽ വച്ച് ഏറ്റവും ആദരണീയനായ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളാണ് എൽ കെ അദ്വാനിയെന്നും ഇന്ത്യയുടെ വികസനത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ എടുത്തു പറയേണ്ടതാണെന്നും നരേന്ദ്ര മോദി എക്‌സിൽ കുറിച്ചിരുന്നു.
താഴെത്തട്ടിൽ നിന്നും പ്രവർത്തിച്ചു തുടങ്ങി ഉപപ്രധാനമന്ത്രി വരെയായി രാജ്യത്തെ സേവിച്ച എൽ കെ അദ്വാനിക്ക് ഭാരതരത്‌ന നൽകുമെന്ന കാര്യം പങ്കുവയ്‌ക്കുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും മോദി പറഞ്ഞിരുന്നു. ഇപ്പോള്‍ പാകിസ്ഥാന്‍റെ ഭാഗമായ കറാച്ചിയില്‍ 1927 നവംബര്‍ എട്ടിനാണ് അദ്വാനി ജനിച്ചത്.
1942ല്‍ ആര്‍എസ്‌എസില്‍ സ്വയം സേവകനായി. 1986 മുതല്‍ 1990 വരെ ബിജെപി ദേശീയ അധ്യക്ഷനായി. പിന്നീട് 1993 മുതല്‍ 98 വരെയും 2004 മുതല്‍ 2005 വരെയും ഇതേ പദവിയില്‍ പ്രവര്‍ത്തിച്ചു. ഏറ്റവും കൂടുതല്‍ കാലം പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷ പദവി വഹിച്ച നേതാവെന്ന ഖ്യാതി അദ്ദേഹത്തിന് മാത്രം സ്വന്തമാണ്.
മൂന്ന് പതിറ്റാണ്ട് നീണ്ട പാര്‍ലമെന്‍ററി ജീവിതത്തില്‍ 1999 മുതല്‍ 2004 വരെ അടല്‍ ബിഹാരി വാജ്‌പേയിയുടെ മന്ത്രിസഭയില്‍ ആദ്യം ആഭ്യന്തരമന്ത്രിയും പിന്നീട് ഉപപ്രധാനമന്ത്രിയുമായി. പിന്നീട് 2004 മുതല്‍ 2009 വരെ പ്രതിപക്ഷ നേതാവായി. 2009 മെയ് പതിനാറിന് അവസാനിച്ച പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്നു.
2007 ഡിസംബര്‍ പത്തിലെ ബിജെപിയുടെ പാര്‍ലമെന്‍ററി ബോര്‍ഡാണ് 2009 പൊതുതെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അദ്വാനിയെ നിശ്ചയിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ രൂപീകരിച്ചതോടെ അദ്ദേഹം പ്രതിപക്ഷ നേതൃത്വ സ്ഥാനം സുഷമ സ്വരാജിന് കൈമാറി.
Also Read: എൽ കെ അദ്വാനിക്ക് വസതിയിലെത്തി ഭാരതരത്‌ന സമ്മാനിച്ച് രാഷ്ട്രപതി