ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ നേട്ടങ്ങള്‍ ചില നിഷിപ്‌ത താത്പര്യക്കാര്‍ താറടിച്ച് കാട്ടാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീം കോടതി. പൂര്‍ണമായും വിവിപാറ്റുകള്‍ എണ്ണി വോട്ടുകള്‍ പരിശോധിക്കണമെന്ന ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിരീക്ഷണം. സാധ്യമാകുന്ന എല്ലായിടത്തും ഈ മഹത്തായ രാഷ്‌ട്രത്തിന്‍റെ പുരോഗതി ഇടിച്ച് താഴ്‌ത്താന്‍ ശ്രമം നടക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
പേപ്പര്‍ ബാലറ്റിലേക്ക് തിരിച്ച് പോകണമെന്ന അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്‍റെ ഹര്‍ജി യഥാര്‍ത്ഥത്തില്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനെ കുറച്ച് കാണാനും ഇത് വഴിയുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയെ വഴി തെറ്റിക്കാനും വോട്ടര്‍മാരുടെ മനസില്‍ അനാവശ്യ സംശയങ്ങള്‍ സൃഷ്‌ടിക്കാനും വേണ്ടിയാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വാദം അംഗീകരിക്കാന്‍ തനിക്ക് യാതൊരു മടിയുമില്ലെന്ന് ജസ്‌റ്റിസ് ദീപാങ്കര്‍ ദത്ത വ്യക്തമാക്കി.
ബാലറ്റിലേക്കുള്ള തിരിച്ച് പോക്കോ മറ്റെന്തെങ്കിലും ബദല്‍ സംവിധാനങ്ങളോ രാജ്യത്തെ പൗരന്‍മാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കഠിനാദ്ധ്വാനത്തിലൂടെയും ആത്മാര്‍പ്പണത്തിലൂടെയും രാജ്യമുണ്ടാക്കിയ നേട്ടങ്ങള്‍ കുറച്ച് കാട്ടാന്‍ ചില നിഷിപ്‌ത താത്‌പര്യക്കാര്‍ ശ്രമിക്കുന്നു. പരാതിക്കാരുടെ വിശ്വാസ്യതയില്‍ തനിക്ക് സംശയമുണ്ടെന്നും ദത്ത പറഞ്ഞു.
പശ്ചിമബംഗാളിനെ പോലുള്ള ഒരു സംസ്ഥാനം പോലും പല യൂറോപ്യന്‍ രാജ്യങ്ങളെക്കാളും ജനസാന്ദ്രതയുള്ളതാണ്. പല യൂറോപ്യന്‍ രാജ്യങ്ങളും ഇവിഎമ്മുകളാണ് ഉപയോഗിക്കുന്നത്. അപ്പോള്‍ പിന്നെ ഇത്രയധികം ജനങ്ങളുള്ള നമ്മുടെ രാജ്യത്ത് ബാലറ്റ് പേപ്പറിലേക്കുള്ള തിരിച്ച് പോക്ക് എത്രമാത്രം ബുദ്ധിമുട്ടുണ്ടാക്കുന്നതായിരിക്കുമെന്നും കോടതി ആരാഞ്ഞു. അഞ്ച് ശതമാനം വിവിപാറ്റുകള്‍ എണ്ണുമ്പോള്‍ കണക്കുകളില്‍ യാതൊരു പ്രശ്‌നങ്ങളും കണ്ടെത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവിഎമ്മുകള്‍ ഹാക്ക് ചെയ്യാനും യാതൊരു സാധ്യതയുമില്ലെന്നും കോടതി ആവര്‍ത്തിച്ചു.
Also Read: പേപ്പർ ബാലറ്റിലേക്ക് തിരികെ പോകാനാകില്ല; വിവിപാറ്റ് പൂർണമായി എണ്ണണമെന്ന ഹർജികള്‍ തള്ളി സുപ്രീം കോടതി