ലഖ്‌നൗ : ഗുണ്ടാത്തലവനും രാഷ്ട്രീയ നേതാവുമായിരുന്ന മുഖ്‌താർ അൻസാരി(63) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. ആരോഗ്യനില വഷളായതിനെ തുടർന്ന്, യുപിയിലെ ബന്ദ ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെവച്ചായിരുന്നു അന്ത്യം.
ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അന്‍സാരി ബാരക്കിൽ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. ചൊവ്വാഴ്‌ച (മാര്‍ച്ച് 26) ബന്ദ ജയിലിൽ നിന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അൻസാരിയെ 14 മണിക്കൂറിന് ശേഷം ഡിസ്‌ചാർജ് ചെയ്‌തിരുന്നു. വ്യാഴാഴ്‌ച (മാര്‍ച്ച് 28) വൈകുന്നേരത്തോടെ നില വഷളായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമാജ്‌വാദി പാര്‍ട്ടി നേതാവായിരുന്ന മുഖ്‌താര്‍ അന്‍സാരി 5 തവണ മൗവിൽ നിന്ന് എംഎൽഎ ആയിട്ടുണ്ട്.
അന്‍സാരിയുടെ മരണത്തെ തുടര്‍ന്ന് ലഖ്‌നൗ, മൗ, ഗാസിപൂർ എന്നിവിടങ്ങളിൽ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. മരണ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഗാസിപൂരിലെ വസതിക്ക് പുറത്ത് ആളുകൾ തടിച്ചുകൂടി. അന്‍സാരിയെ ബന്ദ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയതായി ജയിൽ അധികൃതർ തന്നെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ കൂടുതൽ വിവരങ്ങൾ നൽകിയിരുന്നില്ലെന്നുമാണ് അൻസാരിയുടെ അഭിഭാഷകൻ നസീം ഹൈദർ പറഞ്ഞത്.
34 വർഷം മുന്‍പത്തെ വ്യാജ ആയുധ ലൈസൻസ് കേസിൽ വാരാണസിയിലെ പ്രത്യേക എംപി/എംഎൽഎ കോടതി ഈ മാസം ആദ്യം അൻസാരിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 1990 ഡിസംബറിൽ ഗാസിപൂർ ജില്ലയിലെ മുഹമ്മദാബാദ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിലായിരുന്നു നടപടി.
അന്ന് ബന്ദ ജയിലിൽ കഴിയുകയായിരുന്ന അന്‍സാരി വീഡിയോ കോൺഫറൻസ് വഴിയാണ് കോടതി നടപടികളിൽ പങ്കെടുത്തത്. ഉത്തർപ്രദേശ്, പഞ്ചാബ്, ന്യൂഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലായി അൻസാരിക്കെതിരെ അറുപതോളം കേസുകളാണ് നിലവിലുള്ളത്.