ലക്‌നൗ : ഭഗവാൻ കൃഷ്‌ണന്‍റെ രാധികയാണ് താനെന്ന് നടിയും മഥുരയിലെ ബിജെപി സ്ഥാനാർഥിയുമായ ഹേമ മാലിനി. കൃഷ്‌ണന് പ്രിയപ്പെട്ടവരായ ബ്രിജ്‌വാസികളെ താൻ സേവിക്കുന്നെന്നും എം പി എന്ന പേരിനോ പ്രശസ്‌തിക്കോ ഭൗതിക നേട്ടങ്ങൾക്കോ വേണ്ടിയല്ല താൻ രാഷ്‌ട്രീയത്തിലേക്ക് വന്നതെന്നും ഹേമ മാലിനി കൂട്ടിച്ചേർത്തു.
"കൃഷ്‌ണന് പ്രിയപ്പെട്ടവരാണ് ബ്രിജ്‌വാസികൾ. അവരെ സേവിച്ചാൽ കൃഷ്‌ണൻ അനുഗ്രഹിക്കും. അതുപ്രകാരം ഞാൻ അവരെ സേവിക്കുകയാണ്". ഹേമ മാലിനി പറഞ്ഞതിങ്ങനെ. ബ്രിജ്‌വാസികളെ സേവിക്കാൻ മഥുര മണ്ഡലത്തിൽ നിന്ന് മൂന്നാം തവണയും മത്സരിക്കാൻ അവസരം നൽകിയതിന് ഹേമ മാലിനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, അമിത് ഷായ്‌ക്കും, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയ്‌ക്കും നന്ദി അറിയിച്ചു.
തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ആദ്യ പരിഗണന ബ്രജ് മേഖലയിലെ ടൂറിസം വികസനത്തിനും രണ്ടാമത്തേത് യമുന നദിയുടെ ശുചീകരണത്തിനും ആയിരിക്കുമെന്നും ഹേമ മാലിനി പറഞ്ഞു. 'ബ്രിജ് 84 കോസ് പരിക്രമ' പദ്ധതിയുടെ നവീകരണത്തിനായി തൻ്റെ അഭ്യർത്ഥന പ്രകാരം 5,000 കോടി അനുവദിച്ചതിന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയോട് നന്ദി പറയുന്നതായും അവർ പറഞ്ഞു. ടൂറിസം മേഖലയിലെ വികസനം വഴി ബ്രിജ്‌വാസികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാവുമെന്നും ഹേമ മാലിനി പറഞ്ഞു.