ലഖ്‌നൗ : വെള്ളിയാഴ്‌ചകളിൽ നമസ്‌കരിക്കുന്നതിനുവേണ്ടി മുസ്ലിം അഭിഭാഷകർ കോടതി നടപടികളിൽ നിന്നും വിട്ടു നിൽക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് യുപി കോടതി. ജോലി ആരാധനയാണ് അത് അഭിഭാഷകർ മനസിൽ സൂക്ഷിക്കണം. തങ്ങളുടെ ജുഡീഷ്യൽ കർത്തവ്യങ്ങളെ ബഹുമാനിക്കണമെന്നും കോടതിപറഞ്ഞു.
യുപിയിൽ നിയമവിരുദ്ധമായ മതപരിവർത്തനം നടത്തിയ കേസിൽ വിചാരണ നടക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. കേസ് പരിഗണിക്കുന്നതിനിടെ നമസ്‌കരിക്കാൻ സമയം അനുവദിക്കണമെന്ന് അഭിഭാഷകർ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പ്രത്യേക ജഡ്‌ജി, എൻഐഎ/എടിഎസ്, വിവേകാനന്ദ് ശരൺ ത്രിപാഠി ഈ ആവശ്യം അംഗീകരിച്ചില്ല.
കേസിലെ പ്രതികൾക്ക് അമിക്കസ് ക്യൂറിയെ നിയമിച്ചുകൊണ്ട് ജഡ്‌ജി ഉത്തരവിടും ചെയ്‌തു. നിസ്‌കരിക്കുന്നതിനായി മുസ്ലീം അഭിഭാഷകർ കോടതി നടപടികളിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിൽ, ജുഡീഷ്യൽ നടപടികൾ തടസപ്പെടാതിരിക്കാൻ അമിക്കസ് ക്യൂറിക്ക് വിചാരണ നടപടികൾ തുടരാമെന്നും കോടതി അറിയിച്ചു.
അനധികൃത മതപരിവർത്തന കേസുമായി ബന്ധപ്പെട്ട് പ്രതിയായ മൗലാന കലിമുദ്ദീൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള ക്രിമിനൽ വിചാരണയുടെ വാദം കേൾക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം.