ന്യൂഡല്‍ഹി : ജാതി വിവേചനത്തിനെതിരെ ക്യാംപസിന് മുന്നില്‍ 'പിഎച്ച്ഡി പക്കോഡവാല' എന്ന പേരില്‍ പക്കോഡ വിറ്റ് പ്രതിഷേധിച്ച ഡല്‍ഹി സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. ഡല്‍ഹി സര്‍വകലാശാലയിലെ ദൗലത്ത് റാം കോളേജില്‍ അസിസ്റ്റന്‍റ് പ്രൊഫസറായിരുന്ന ഡോ.റിതു സിങ്ങിനെതിരെയാണ് യാത്രാ തടസമുണ്ടാക്കിയെന്ന പേരില്‍ പൊലീസ് കേസെടുത്തത്. സെക്ഷന്‍ 283,34 പ്രകാരമാണ് കേസെടുത്തത്.
2020ല്‍ റിതു സിങ്ങിനെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. താന്‍ നേരിട്ടത് ജാതി വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി റിതു സിങ് പ്രതിഷേധം ആരംഭിച്ചു. ഈ പ്രതിഷേധ സൈറ്റ് തകർത്തതിന് പിന്നാലെയാണ് റിതു സിങ് ആര്‍ട്ട് ഫാക്കല്‍ട്ടിയുടെ 4-ാം ഗേറ്റിന് സമീപം പക്കോഡ സ്റ്റാൾ ആരംഭിച്ചത്.
വിവരമറിഞ്ഞെത്തിയ മോറിസ് നഗർ പൊലീസ് വഴിയോരക്കച്ചവടക്കാരെ ഫുട്‌പാത്തിൽ നിന്ന് മാറ്റാൻ റിതു സിങ്ങിനോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ സഹപ്രവർത്തകർക്കൊപ്പം പ്രതിഷേധിക്കുകയായിരുന്നു. സ്റ്റാളിൽ പക്കോഡ വിറ്റുകൊണ്ട് പ്രതിഷേധിക്കുന്ന വീഡിയോ അവർ തന്‍റെ എക്‌സ് അക്കൗണ്ടിലും പോസ്റ്റ് ചെയ്‌തു.
അംബേദ്‌കറൈറ്റ് ആയ ഡോ.റിതു സിങ്,വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതീയതയ്‌ക്കെതിരെ മുമ്പും സംസാരിച്ചിട്ടുണ്ട്. കോളേജ് പ്രിൻസിപ്പൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് നിരവധി പ്രതിഷേധ സമരങ്ങള്‍ റിതു സിങ്ങ് സംഘടിപ്പിച്ചിരുന്നു.