ന്യൂഡല്‍ഹി : കേന്ദ്രം നികുതി വിഹിതം കുറച്ചെന്ന കർണാടക മുഖ്യമന്ത്രിയുടെ ആരോപണത്തെ അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി പ്രലാദ് ജോഷി (Pralhad Joshi Ahead Of Karnataka Congress' Protest In Delhi). സിദ്ധരാമയ്യ വൃത്തികെട്ട രാഷ്‌ട്രീയമാണ് കളിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ പരാമർശങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിന്‍റെ നികുതി വിഭജന നയങ്ങൾക്കെതിരെ കർണാടക കോൺഗ്രസ് ദേശീയ തലസ്ഥാനത്ത് ബുധനാഴ്‌ച (07-02-2024) പ്രതിഷേധിക്കും. പ്രതിഷേധത്തിന് നേതൃത്വം നൽകാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ചൊവ്വാഴ്‌ച (06-02-2024) രാത്രി ഡൽഹിയിലെത്തി.
"കർണാടക മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യ മുമ്പ് 13 സംസ്ഥാന ബജറ്റുകൾ അവതരിപ്പിച്ചതിന് ശേഷം, മുഖ്യമന്ത്രിയുട അടിസ്ഥാനരഹിതമായ ആരോപണങ്ങളിലെ അറിവില്ലായ്‌മ കണ്ട് സ്വന്തം പാർട്ടി ചിരിക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. പൊതു ധനകാര്യം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് സിദ്ധരാമയ്യ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു" -മന്ത്രി പ്രലാദ് ജോഷി ചൊവ്വാഴ്‌ച എക്‌സിൽ കുറിച്ചു. 'എന്നിരുന്നാലും, ഞാൻ അദ്ദേഹത്തെ ഓർമ്മിപ്പിക്കട്ടെ, സംസ്ഥാനങ്ങൾക്ക് അവരുടെ എസ്‌ജിഎസ്‌ടി (SGST) യുടെ 100 ശതമാനം ലഭിക്കുന്നു, കൂടാതെ ഏകദേശം ഐജിഎസ്‌ടിയുടെ 50 ശതമാനം സംസ്ഥാനത്തിനകത്ത് നിന്ന് തന്നെ ലഭിക്കു'മെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
ഒരു സംസ്ഥാനത്തിനും പ്രത്യേക ഗ്രാന്‍റ് നൽകാൻ പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശ ചെയ്‌തിട്ടില്ലെന്നും പ്രലാദ് ജോഷി അറിയിച്ചു. "അതിനാൽ തന്നെ, ശുപാർശ അംഗീകരിക്കുന്നില്ലേ എന്ന ചോദ്യം ഉയരുന്നില്ല. 2020-21 സാമ്പത്തിക വർഷം മുതൽ, 6279.94 കോടി രൂപ 50 വർഷത്തെ പലിശ രഹിത വായ്‌പയായി നൽകിയിട്ടുണ്ട്. യുപിഎയുടെ 10 വർഷത്തെ അപേക്ഷിച്ച് കർണാടകയ്ക്കുള്ള സഹായ മൂലധന ചെലവ് പദ്ധതികൾ ഗണ്യമായി വർധിച്ചിട്ടുണ്ട്. എൻഡിഎയുടെ 9 വർഷങ്ങളിൽ 2.08 ലക്ഷം കോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്, ഇത് യുപിഎയുടെ ഗ്രാന്‍റിനേക്കാൾ 243 ശതമാനം വർധനവാണ്," എന്നും പ്രലാദ് ജോഷി വ്യക്തമാക്കി.
കർണാടക മുഖ്യമന്ത്രിക്ക് ഇതെല്ലാം മനസിലാകുമെന്ന് എനിക്ക് വിശ്വാസമുണ്ട്, പക്ഷേ അദ്ദേഹം ഇപ്പോഴും സംസ്ഥാനത്ത് വൃത്തികെട്ട രാഷ്‌ട്രീയം കളിക്കുകയാണ്. കോൺഗ്രസ് പാർട്ടി സംസ്ഥാനത്തെ കർഷകരുടെയും ജനങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റണം, എന്നാൽ സംസ്ഥാന തെരഞ്ഞെടുപ്പിൽ സുസ്ഥിരമല്ലാത്ത വാഗ്‌ദാനങ്ങൾ നൽകിയതിനാൽ അവർ ഇപ്പോൾ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ കോമാളിത്തരങ്ങൾ ജനങ്ങളെ വിഡ്ഢികളാക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. ജൂലൈ 23 ന് ഉപമുഖ്യമന്ത്രി സമ്മതിച്ചത് എന്താണെന്നും പൊതുജനങ്ങൾക്ക് അറിയാം. ഈ വർഷം അവർക്ക് വികസനം നൽകാൻ കഴിയില്ലെന്ന് മുഖ്യമന്ത്രിയുടെ സ്വന്തം സാമ്പത്തിക ഉപദേഷ്‌ടാവ് പറഞ്ഞിരുന്നു. അഞ്ച് ഗ്യാരന്‍റികളും അവരുടെ ഗവൺമെന്‍റിന് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുന്നു. അതിനാൽ, ഈ ആരോപണങ്ങൾ തങ്ങളുടെ ഭരണ പരാജയങ്ങളിൽ നിന്ന് പൊതുജനങ്ങളെ വ്യതിചലിപ്പിക്കാനുള്ള കർണാടക സർക്കാരിന്‍റെ പരാജയപ്പെട്ട ശ്രമമല്ലാതെ മറ്റൊന്നുമല്ല എന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ കർണാടകയെ സാമ്പത്തികമായി അടിച്ചമർത്തുകയാണെന്ന് ആരോപിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രതിഷേധത്തിൽ പങ്കുചേരാൻ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. "കർണാടകയോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന സാമ്പത്തിക അടിച്ചമർത്തലിനെതിരെ നമുക്ക് ശബ്‌ദമുയർത്താം. നാളെ ഡൽഹിയിലെ ജന്തർ മന്ദറിൽ നടക്കുന്ന സത്യാഗ്രഹത്തിൽ വൻതോതിൽ പങ്കെടുത്ത് അവകാശങ്ങൾക്കായി നമുക്ക് പ്രതിഷേധിക്കാം," എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ എക്‌സിൽ കുറിച്ചു.
ആസൂത്രിത പ്രതിഷേധം ഭാരതീയ ജനത പാർട്ടിക്ക് (ബിജെപി) എതിരല്ലെന്നും എല്ലാ എംഎൽഎമാരും പാർട്ടി ഭേദം മറന്ന് പങ്കെടുക്കണമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ നേരത്തെ പറഞ്ഞിരുന്നു.
ബിജെപി ഇതര സംസ്ഥാനങ്ങൾക്ക് അവരുടെ നിയമാനുസൃതമായ കുടിശ്ശിക നഷ്‌ടപ്പെടുകയാണെന്ന പൊതുധാരണ രാജ്യത്തുടനീളം ഉണ്ടെന്ന് തിങ്കളാഴ്‌ച (05-02-2024) ലോക്‌സഭയില്‍ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞിരുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോൺഗ്രസ് ഭരിക്കുന്ന കർണാടകയെന്നും അദ്ദേഹം ആരോപിച്ചു.
ചില നിക്ഷിപ്‌ത ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്ന "രാഷ്‌ട്രീയ ദ്രോഹപരമായ വിവരണം" ആണ് ഇതെന്ന് പറഞ്ഞ് കോൺഗ്രസ് നേതാവിന്‍റെ ആരോപണങ്ങളെ തള്ളി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്ത് വന്നു .
"അധീർ ജി, ദയവായി മനസിലാക്കുക, എന്‍റെ ഇഷ്‌ടങ്ങൾക്ക് അനുസരിച്ച് മാറാൻ എനിക്ക് അവകാശമില്ല, എനിക്ക് ഒരു സംസ്ഥാനത്തിനോടും ഇഷ്‌ടക്കൂടുതലോ കുറവോ ഇല്ല, അത് എന്‍റെ കക്ഷി രാഷ്‌ട്രീയത്തിന് എതിരാണ്. ഒരു തരത്തിലും എനിക്ക് അതിൽ റോളില്ല. നിയമങ്ങൾ 100 ശതമാനം പാലിക്കുക, അതാണ് ഞാൻ ചെയ്‌തത്," നിതി ആയോഗ് സംസ്ഥാനങ്ങൾക്കുള്ള നികുതി വിഭജനം എങ്ങനെ തീരുമാനിക്കുന്നു എന്നതിന്‍റെ നടപടിക്രമം വിശദീകരിച്ചു കൊണ്ട് നിര്‍മല സീതാരാമൻ പ്രതികരിച്ചിരുന്നു.