ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് 'ഗരീബ്' (ദരിദ്രർ), 'മഹിള' (സ്‌ത്രീകൾ), 'യുവ' (യുവജനങ്ങൾ), 'അന്നദാത' (കർഷകൻ) എന്നീ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി കൊണ്ടുള്ളതാണ്. കര്‍ഷകര്‍ക്ക് പ്രധാന വിളകള്‍ക്ക് താങ്ങുവിലയും പ്രഖ്യാപിച്ചു. നിര്‍ധനര്‍ക്കുള്ള അന്നയോജന പദ്ധതി അടുത്ത അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. 80 കോടിയിലധികം ജനങ്ങള്‍ക്കാണ് അന്നയോജന പദ്ധതി കൈതാങ്ങാകുക.
ഇതിന് പുറമെ ബജറ്റില്‍ പ്രഖ്യാപിച്ച വിവിധ പദ്ധതികളുടെ അംഗീകാരത്തിനും നടത്തിപ്പിനുമുള്ള ഭരണപരമായ നടപടികളും പുരോഗമിക്കുകയാണ്. ഇതിനെല്ലാം ആവശ്യമായ വിഹിതവും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. തൊഴില്‍, വൈദഗ്‌ധ്യം തുടങ്ങിയവയിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നാണ് ബജറ്റ് അവതരണത്തില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചത്. ഇത്തരത്തില്‍ 9 പ്രധാന കാര്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി കൊണ്ടാണ് ഇത്തവണ സര്‍ക്കാര്‍ ബജറ്റ് പ്രഖ്യാപനം നടത്തിയിട്ടുള്ളത്.
ബജറ്റില്‍ സര്‍ക്കാര്‍ പ്രധാന്യം നല്‍കിയത്:
- കൃഷിയിലെ ഉത്‌പാദനക്ഷമതയും പ്രതിരോധശേഷിയും.
- തൊഴിലും നൈപുണ്യവും.
- മനുഷ്യവിഭവശേഷി വികസനവും സാമൂഹിക നീതിയും.
- നിർമ്മാണവും സേവനങ്ങളും.
- നഗര വികസനം.
- ഊർജ സുരക്ഷ.
- അടിസ്ഥാന സൗകര്യങ്ങൾ.
- ഇന്നൊവേഷൻ, റിസർച്ച് & ഡെവലപ്‌മെന്‍റ്.
- അടുത്ത തലമുറയുടെ പരിഷ്‌കാരങ്ങൾ എന്നീ കാര്യങ്ങള്‍ക്കാണ് ബജറ്റില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത്.
കൃഷിക്ക് കൂടുതല്‍ പ്രാധാന്യം: മൂന്നാം മോദി സര്‍ക്കാര്‍ അവതരിപ്പിച്ച ആദ്യ ബജറ്റില്‍ കൃഷിക്കും അനുബന്ധ മേഖലകള്‍ക്കുമായി പ്രഖ്യാപിച്ചത് 1.52 ലക്ഷം രൂപയാണ്. കാര്‍ഷിക മേഖലയില്‍ ദേശീയ സഹകരണ നയം കൊണ്ടുവരുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. കാര്‍ഷിക മേഖല കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി കാലാവസ്ഥയെ പ്രതിരോധിക്കുന്നതിന് പ്രാപ്‌തമായ ഇനങ്ങള്‍ വികസിപ്പിക്കും. അതിനുള്ള പ്രത്യേക കാര്‍ഷിക ഗവേഷണവും വിപുലീകരിക്കും. രാജ്യത്തെ ഒരു കോടി കര്‍ഷകരെ നാച്ചുറല്‍ ഫാമിങ്ങിന് പ്രാപ്‌തമാക്കും. കാര്‍ഷിക മേഖലയെ ഡിജിറ്റല്‍വത്‌കരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
യുവജനങ്ങളെ ലക്ഷ്യമിട്ട് നൈപുണ്യ വികസനം: രാജ്യത്തെ യുവജനങ്ങളെ ലക്ഷ്യമിട്ടുള്ള നൈപുണ്യ മേഖലകള്‍ക്ക് ബജറ്റില്‍ 1.48 ലക്ഷം രൂപയാണ് വകയിരുത്തിയത്. സ്വകാര്യ മേഖലയെ അടിസ്ഥാനമാക്കിയുള്ള ഗവേഷണങ്ങള്‍ക്കും നവീകരണങ്ങള്‍ക്കുമായി ഒരു കോടി രൂപയുടെ ധനസഹായമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസം നേടുന്നതിന് വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം രൂപ വരെ വായ്‌പകളും നല്‍കും. പ്രാദേശിക സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും ഇത്തരം വായ്‌പകള്‍ ലഭ്യമാക്കും.
നൈപുണ്യ വികസന മേഖലയ്‌ക്കായി നിരവധി സംരംഭങ്ങളുടെ രൂപ രേഖയും മന്ത്രി അവതരിപ്പിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ 20 ലക്ഷം യുവാക്കളെ നൈപുണ്യമുള്ളവരാക്കും. അതിനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഒരു കോടി യുവാക്കള്‍ക്ക് സര്‍ക്കാര്‍ ഇന്‍റേണ്‍ഷിപ്പ് നല്‍കും. ഇത്തരത്തിലുള്ള ഇന്‍റേണ്‍ഷിപ്പുകള്‍ സ്റ്റൈപ്പന്‍ഡായി 5000 രൂപയും ഒറ്റത്തവണ സഹായമായി 6000 രൂപയും ലഭിക്കും. അതേസമയം യുജിസിക്കുള്ള ഫണ്ടിങ് 60 ശതമാനമായി കുറയ്‌ക്കുകയും ചെയ്‌തു.
സാമൂഹ്യ നീതി ശാക്തിപ്പെടുത്തും: 2024-2025 ബജറ്റിൽ രാജ്യത്തെ സാമൂഹ്യ നീതി ശാക്തീകരണ വകുപ്പിന് (Department of Social Justice and Empowerment) 13,539 കോടി രൂപ വകയിരുത്തി. കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ തുകയില്‍ നിന്നും 37 ശതമാനം വര്‍ധനവ് ഇത്തവണയുണ്ടായിട്ടുണ്ട്. പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്കുള്ള ക്ഷേമ പരിപാടികൾ മെച്ചപ്പെടുത്തുന്നതിനും സാമൂഹിക സേവനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇത്തവണ ഇത് 37 ശതമാനമാക്കി ഉയര്‍ത്തിയത്.
പട്ടിക ജാതി വിഭാഗത്തിനുള്ള പ്രത്യേക പദ്ധതിക്കായും (Umberlla Scheme) ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. 9,549.98 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പട്ടിക ജാതി വിഭാഗത്തിലുള്ളവര്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഉറപ്പാക്കുന്നതിനും തുക ഉപയോഗിക്കും.
നിർമ്മാണവും സേവനങ്ങളും: 2024-25 ബജറ്റ് നിര്‍മാണ മേഖലയ്‌ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. നിര്‍മാണ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി പ്രധാനപ്പെട്ട മൂന്ന് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു.
ആദ്യമായി ജോലിക്കെത്തുന്നവരെ അംഗീകരിക്കുന്നതിനും അവരില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. തൊഴിലാളികള്‍ക്ക് ഇപിഎഫ് നല്‍കാനുള്ള നടപടികളെടുക്കും. ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കും പിന്തുണ നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി സമ്മേളനത്തില്‍ അറിയിച്ചു.
നഗര വികസനത്തിന് പ്രത്യേക പദ്ധതി: 2024-25 ബജറ്റില്‍ നഗര നവീകരണത്തിനും വികസനത്തിനുമായി പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ 100 നഗരങ്ങളില്‍ വ്യവസായ പാര്‍ക്കുകള്‍ നിര്‍മിക്കുമെന്ന് സര്‍ക്കാര്‍. 14 നഗരങ്ങളില്‍ ട്രാന്‍സിറ്റ് ഓറിയന്‍റഡ് വികസന പദ്ധതികള്‍ ആവിഷ്‌കരിക്കും.
30 ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുക. നഗരങ്ങളിലെ ജലവിതരണം, മാലിന്യ സംസ്‌കരണം, ഖരമാലിന്യ സംസ്‌കരണം എന്നിവയ്‌ക്കായി പ്രത്യേക പദ്ധതികള്‍ കൊണ്ടുവരും. പാര്‍പ്പിട പദ്ധതികള്‍ക്കായി 10 ലക്ഷം കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. കൂടാതെ രാജ്യത്തെ 100 വലിയ നഗരങ്ങളില്‍ വിപുലമായ സേവനങ്ങള്‍ ആസൂത്രണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
വീടുകളില്‍ സൗരോര്‍ജ പദ്ധതി: ഊര്‍ജ സുരക്ഷയ്‌ക്കും ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ ഏറെ പ്രധാന്യം നല്‍കിയിട്ടുണ്ട്. രാജ്യത്തെ ഒരു കോടി വീടുകളില്‍ സൗരോര്‍ജ പദ്ധതി നടപ്പിലാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. വീടുകളുടെ മേല്‍ക്കൂരകളില്‍ സോളാര്‍ പാനലുകള്‍ നിര്‍മിക്കാനാണ് നീക്കം.
മാസം തോറും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി പദ്ധതിയിലൂടെ ലഭ്യമാകും. പദ്ധതി നടപ്പിലാക്കി മിച്ചം വരുന്നത് വിതരണ കമ്പനികള്‍ക്ക് വില്‍ക്കും. ഇതിലൂടെ പ്രതിവര്‍ഷം ഓരോ കുടുംബത്തിന് 15,000 മുതല്‍ 18,000 രൂപ വരെ ലാഭിക്കാനാകും. അതേസമയം ആണവോര്‍ജത്തിനായി പുതിയ സാങ്കേതിക വിദ്യയുടെ ഗവേഷണത്തിനും വികസനത്തിനും സര്‍ക്കാര്‍ സ്വകാര്യ മേഖലയുമായി സഹകരിക്കും. ഇതിനെല്ലാം ആവശ്യമായ സാമ്പത്തിക സഹായം കേന്ദ്രം നല്‍കുമെന്നും മന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് സമ്മേളനത്തില്‍ പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങൾ: രാജ്യത്തെ പൊതുജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും കേന്ദ്ര ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങളാണുണ്ടായിട്ടുള്ളത്. ഇതില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയ ഒന്നാണ് പാര്‍പ്പിടം. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ രാജ്യത്ത് മൂന്ന് കോടി വീടുകള്‍ നിര്‍മിക്കുമെന്ന് മന്ത്രി പറഞ്ഞു. ആവാസ് യോജന പദ്ധതിക്കായി 10 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ നീക്കി വച്ചത്. നഗര പ്രദേശങ്ങളില്‍ ഒരു കോടി വീടുകള്‍ നിര്‍മിക്കുമെന്നും മന്ത്രി അറിയിച്ചു.
റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്‍റ്: ഇത്തവണത്തെ ബജറ്റില്‍ വിവിധ വികസനങ്ങള്‍ക്കൊപ്പം റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്‍റിനും സര്‍ക്കാര്‍ കൂടുതല്‍ പ്രധാന്യം നല്‍കിയിട്ടുണ്ട്. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്‍റ് മേഖലയുടെ വികസനത്തിനായി സ്വകാര്യ മേഖലയുമായി സഹകരിക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ ന്യൂക്ലിയാര്‍ ടെക്‌നോളജിയുടെ വികസനത്തിനും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.
പുതിയ തലമുറയില്‍ പരിഷ്‌കാരങ്ങള്‍: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനായി അടുത്ത തലമുറയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനും കൂടി ലക്ഷ്യമിട്ടിട്ടുള്ളതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. ഇതിനായി പുതിയ സാമ്പത്തിക നയ ചട്ടക്കൂടൊരുക്കുമെന്നും മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇതിനായി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണ ശക്തമാകേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഭൂമി, തൊഴിൽ, മൂലധനം എന്നിവയിലെല്ലാം ഊന്നിയുള്ള പരിഷ്‌കാരങ്ങളാകും ഇതിനായി കൊണ്ടുവരികയെന്നും മന്ത്രി പറഞ്ഞു.