ന്യൂഡല്‍ഹി: ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ കാര്‍ഷിക രംഗത്ത് യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ഇടക്കാല ബജറ്റ് പ്രഖ്യാപനത്തിനിടെയാണ് ധനമന്ത്രി ഇക്കാര്യം പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയത്. വിള ഇന്‍ഷുറന്‍സ് നാല് കോടി കര്‍ഷകര്‍ക്ക് വിതരണം ചെയ്‌തെന്നും 1361 ഗ്രാമീണ ചന്തകളെ നവീകരിച്ചെന്നും ധനമന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്കുള്ള താങ്ങുവില കാലാനുസൃതമായി വര്‍ധിപ്പിക്കാനായി. 11.8 കോടി കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ യോജനയിലൂടെ സാമ്പത്തിക സഹായം നല്‍കി. രാജ്യത്തെ കാര്‍ഷിക മേഖല സമഗ്രവും വിശാലവുമായ വളര്‍ച്ചയ്‌ക്ക് ഒരുങ്ങിയിട്ടുണ്ട്. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ശക്തമാക്കും.
38 ലക്ഷം കര്‍ഷകര്‍ക്കാണ് പ്രധാന്‍ മന്ത്രി കിസാൻ സമ്പത്ത് യോജന സഹയാമായത്. പത്ത് ലക്ഷം തൊഴിലവസരങ്ങള്‍ പദ്ധതി സൃഷ്‌ടിച്ചു. നാനോ ഡിഎപിയുടെ വിനിയോഗം കൂടുതല്‍ വ്യാപിപ്പിക്കും. ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിനായി കൂടുതല്‍ പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരമാന്‍ പറഞ്ഞു.