ഡെഹ്‌റാഡൂണ്‍: നവംബര്‍ ഒന്‍പതിന് മുമ്പ് സംസ്ഥാനത്ത് പൊതു സിവില്‍ കോഡ് നടപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. ഉത്തരാഖണ്ഡിന്‍റെ സ്ഥാപക ദിനമാണ് നവംബര്‍ ഒന്‍പത്. 2000 നവംബര്‍ ഒന്‍പതിനാണ് ഉത്തര്‍പ്രദേശിനെ വിഭജിച്ച് ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകൃതമായത്. അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാരിന്‍റെ കാലത്തായിരുന്നു ഇത്. ആദ്യഘട്ടത്തില്‍ ഉത്തരാഞ്ചല്‍ എന്നായിരുന്നു സംസ്ഥാനം അറിയപ്പെട്ടിരുന്നത്. 2007 ജനുവരി ഒന്ന് മുതലാണ് ഉത്തരാഖണ്ഡ് എന്ന ഔദ്യോഗിക പേര് നിലവില്‍ വന്നത്.
മുമ്പും പൊതുസിവില്‍ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വോട്ട് ബാങ്ക് രാഷ്‌ട്രീയം പരിഗണനയില്‍ വരുമ്പോള്‍ അവയൊന്നും നടപ്പായിട്ടില്ലെന്നും ധാമി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കുറി അതല്ല എത്രയും പെട്ടെന്ന് തന്നെ ഇത് നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേവഭൂമിയുടെ സ്വത്വം കാത്ത് സൂക്ഷിക്കാന്‍ നാം ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. മതപരിവര്‍ത്തനം നിയമം പാസാക്കി. അത് കൊണ്ട് തന്നെ നമ്മുടെ സംസ്ഥാനം പഴയ പടി നിലനില്‍ക്കുന്നു. ഭാവി തലമുറയിലേക്ക് അവരുടെ പാരമ്പര്യത്തെ സന്നിവേശിപ്പിക്കണം. ഉത്തരാഖണ്ഡ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ഫെബ്രുവരി ആറിന് പൊതുസിവില്‍ കോഡ് ബില്‍ അവതരിപ്പിച്ചു. പിറ്റേദിവസം ഇത് കേവല ഭൂരിപക്ഷത്തോടെ പാസാക്കുകയും ചെയ്‌തു. ബില്‍ പാസാക്കിയത് ഉത്തരാഖണ്ഡിന്‍റെ ചരിത്രദിനമാണെന്നും ധാമി പറഞ്ഞു.
മതം, ജാതി, ലിംഗം ഇവ പരിഗണിക്കാതെ എല്ലാവര്‍ക്കും ഒരേ നിയമം എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയവയിലാണ് എല്ലാ വിഭാഗങ്ങള്‍ക്കും ഒരേ നിയമം നിലവില്‍ വരിക.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പൊതുസിവില്‍ കോഡിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. മതപരമായ വേര്‍തിരിവുകള്‍ ഇല്ലാതാക്കിക്കൊണ്ടുള്ള ഒരു നിയമസംവിധാനം രാജ്യത്ത് നിലവില്‍ വരുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. രാജ്യമെമ്പാടും പൊതുസിവില്‍ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്ന് വരട്ടെയെന്നും മോദി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
പൊതുസിവില്‍ കോഡിനെക്കുറിച്ച് സുപ്രീം കോടതി ആവര്‍ത്തിക്കുന്നു. നിരവധി തവണ ഉത്തരവുകള്‍ പുറപ്പെടുവിച്ചു. രാജ്യത്തെ വലിയൊരു വിഭാഗം ഇത് ശരിയാണെന്ന് വിശ്വസിക്കുന്നു. നാം ഇപ്പോള്‍ നിലനില്‍ക്കുന്നത് ഒരു തരത്തില്‍ വംശീയ നിയമത്തിലാണ്. ഇത് വിവേചനപരമായ നിയമസംവിധാനമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Also Read: ഉത്തരാഖണ്ഡ് ഏകസിവില്‍ കോഡിലേക്ക്; ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി