ശ്രീനഗര്‍: 34 വർഷത്തിന് ശേഷം ദക്ഷിണ കശ്‌മീരിലെ ഉമാ ഭഗവതി ക്ഷേത്രം ഭക്തർക്കായി വീണ്ടും തുറന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുടെ സാന്നിധ്യത്തിലാണ് ക്ഷേത്രം വീണ്ടും തുറന്നത്. ജമ്മു കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിലെ ഉമാ നഗരി ബ്രരിയംഗന്‍ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
രാജസ്ഥാനിൽ നിന്ന് കൊണ്ടുവന്ന ഉമാ ദേവിയുടെ വിഗ്രഹം ശ്രീകോവിലിൽ പ്രതിഷ്‌ഠിച്ചു. ചടങ്ങില്‍ ഡെപ്യൂട്ടി കമ്മീഷണർ അനന്ത്നാഗ് സയ്യിദ് ഫക്രുദീൻ ഹമീദ്, സീനിയർ പൊലീസ് സൂപ്രണ്ട് അനന്ത്നാഗ് ഡോ. ജി വി സുന്ദീപ് ചക്രവർത്തി, ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ, ഉമാ ഭഗവതി അസ്‌തപൻ ട്രസ്റ്റ് ഭാരവാഹികൾ എന്നിവരും പങ്കുചേര്‍ന്നു.
വീണ്ടും തുറന്നതിന് ശേഷം ധാരാളം ഭക്തർ ക്ഷേത്രം സന്ദർശിക്കുമെന്ന് ഭക്തരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ കേന്ദ്രമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരു വികസിത ജമ്മുവിന്‍റെ സമന്വയ സംസ്‌കാരം എന്നിവയ്ക്കുള്ള സർക്കാരിന്‍റെ പ്രതിബദ്ധത ജമ്മുവിനെ സമ്പന്നവും സമാധാനപൂർണവുമായ ഒരു പ്രദേശമാക്കി വികസിപ്പിക്കുന്നതിന് ഒരുപാട് ദൂരം പോകുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സംസാരിച്ച ഡെപ്യൂട്ടി കമ്മീഷണർ, ദർശനത്തിനെത്തുന്ന ഭക്തർക്ക് സൗകര്യം ഒരുക്കുന്നതിന് ഭരണതലത്തിൽ നിന്ന് പൂർണ പിന്തുണ നൽകുമെന്ന് ഉറപ്പ് നൽകി. ബ്രഹ്മ കുണ്ഡ്, വിഷ്‌ണു കുണ്ഡ്, രുദ്ര കുണ്ഡ്, ശിവശക്തി കുണ്ഡ് എന്നീ അഞ്ച് നീരുറവകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം സന്ദര്‍ശിക്കാന്‍ ജമ്മുവിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തർ ധാരാളമായി വന്നിരുന്നു.
1990-ൽ താഴ്‌വരയിൽ കലാപം പൊട്ടിപുറപ്പെടുകയും ഉമാദേവി ക്ഷേത്രം തകർക്കപ്പെടുകയും ചെയ്‌തു. ഇതുകഴിഞ്ഞ് 34 വര്‍ഷത്തിന് ശേഷമാണ് ചരിത്ര പ്രസിദ്ധമായ ക്ഷേത്രം വീണ്ടും തുറക്കുന്നത്.