ചെന്നൈ: തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഉയർത്തിയേക്കുമെന്ന വാർത്ത നിരസിച്ച് മന്ത്രിയും ഡിഎംകെ യുവജന വിഭാഗം സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിൻ. താനിരിക്കുന്ന യുവജന വിഭാഗം സെക്രട്ടറി സ്ഥാനമാണ് തനിക്കേറ്റവും പ്രിയപ്പെട്ടതെന്നും അദ്ദേഹം. തമിഴ്‌നാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഉദയനിധി സ്റ്റാലിന്‍.
ഡിഎംകെ സർക്കാരിലെ എല്ലാ മന്ത്രിമാരും ഉപമുഖ്യമന്ത്രിക്ക് തുല്യമാണ്. നമ്മുടെ മുഖ്യമന്ത്രിയെയും പാർട്ടി അധ്യക്ഷനെയും സഹായിക്കുന്നതിനായി ഒരാൾ ചുമതലയേൽക്കുന്നതിന് ഒരു പ്രമേയം പാസാക്കിയിട്ടുണ്ട്. ഞങ്ങൾ നേരത്തെക്കൂട്ടി ഇത് ചെയ്യുമെന്ന് കണ്ട് നിങ്ങളിൽ ചിലരാണ് ഈ പ്രമേയത്തിന് തുടക്കമിട്ടതെന്ന് എനിക്കറിയാമെന്നും ഉദയനിധി പരിഹാസ രൂപേണ പറഞ്ഞു.
ഉപമുഖ്യമന്ത്രിയായി ഉയർത്തിയേക്കുമെന്നുളള ധാരാളം വാർത്തകൾ വന്നിരുന്നു. ഞങ്ങളുടെ സർക്കാരിലെ എല്ലാ മന്ത്രിമാരും ഉപമുഖ്യമന്ത്രിമാരാണെന്ന് ഞാൻ മുമ്പ് തന്നെ പത്രപ്രവർത്തകരോട് പറഞ്ഞിട്ടുണ്ട്. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിലെ വിജയമാണ് ഇനി ഡിഎംകെയുടെ ലക്ഷ്യം. ഏത് സഖ്യം വന്നാലും ഞങ്ങളുടെ നേതാവ് വിജയിക്കുക തന്നെ ചെയ്യും.
തമിഴ്‌നാട് മുഖ്യമന്ത്രിയായി വീണ്ടും എംകെ സ്റ്റാലിൻ ചുമതലയേൽക്കുക തന്നെ ചെയ്യും. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പോകുന്നത് ഞങ്ങളുടെ ഡിഎംകെ സഖ്യം തന്നെയാണെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.