ബാരമുള്ള: ഇന്ത്യന്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ വീരമൃത്യ വരിച്ച സൈനികരുടെ എണ്ണം മൂന്നായി. രണ്ട് തൊഴിലാളികളും കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഗുല്‍മാര്‍ഗിനടുത്ത് ബുട്ടപാത്രിയില്‍ നാഗിന്‍ മേഖലയിലാണ് ഭീകരര്‍ സൈനിക വാഹനത്തെ ആക്രമിച്ചത്. അക്രമികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ബുട്ടപാത്രിയില്‍ നിന്ന് തിരികെ വരുമ്പോഴാണ് സൈനിക വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. ആദ്യം നാലഞ്ച് സൈനികര്‍ക്കും കുറച്ച് തൊഴിലാളികള്‍ക്കും പരിക്കേറ്റുവെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ രണ്ട് സൈനികര്‍ക്കും രണ്ട് തൊഴിലാളികള്‍ക്കും ജീവന്‍ നഷ്‌ടമായി. മൂന്ന് സൈനികരും ഒരു തൊഴിലാളിയും ചികിത്സയില്‍ തുടരുകയാണെന്നും വടക്കന്‍ കശ്‌മീരില്‍ നിന്നുള്ള ഒരു സൈനിക ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നൗഷേര ബോണിയാറില്‍ നിന്നുള്ള മുഷ്‌താഖ് അഹമ്മദ് ചൗധരി, ബര്‍ണാതെ ബോണിയാറില്‍ നിന്നുള്ള സഹൂര്‍ അഹമ്മദ് മിര്‍ എന്നീ തൊഴിലാളികളാണ് മരിച്ചത്. ജീവന്‍ സിങ്, കൈസര്‍ അഹമ്മദ് ഷാ എന്നീ സൈനികരാണ് കൊല്ലപ്പെട്ടത്.
ഒളിച്ചിരുന്ന ഭീകരരാണ് സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തിയതെന്നും സൈനിക ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നുഴഞ്ഞു കയറിയ ഭീകരരാണ് ഇവരെന്നും സംശയിക്കുന്നു. മുതിര്‍ന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തെരച്ചിലിന് നേതൃത്വം നല്‍കുന്നു.
ആക്രമണത്തിന് തൊട്ടുപിന്നാലെ തന്നെ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു. ഡ്രോണുകളും ഹെലികോപ്‌ടറുകളുമുപയോഗിച്ചാണ് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നത്. ചെക്ക് പോസ്റ്റുകളിലും തെരച്ചില്‍ നടത്തുന്നുണ്ട്.
പ്രദേശത്ത് ഏറ്റുമുട്ടലും വെടിവയ്പുമുണ്ടായതായി ബാരാമുള്ള പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് കൈമാറാമെന്നും ബാരാമുള്ള പൊലീസ് അറിയിച്ചു.
പുല്‍വാമയുടെ ത്രാല്‍ മേഖലയില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രീതം സിങെന്ന തൊഴിലാളിയെ ദുരൂഹ സാഹചര്യത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ആക്രമണമുണ്ടായത്. ഈ സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.
ആറ് നിര്‍മ്മാണ തൊഴിലാളികളും ഒരു ഡോക്‌ടറും കൊല്ലപ്പെട്ട ആക്രമണത്തിന് മൂന്ന് ദിവസത്തിന് ശേഷമാണ് ഈ ആക്രമണമെന്നതും ശ്രദ്ധേയമാണ്. ഇസഡ് മോര്‍ത് തുരങ്ക നിര്‍മാണ തൊഴിലാളികള്‍ പാര്‍ക്കുന്ന ക്യാമ്പിലാണ് ആക്രമണമുണ്ടായത്. ഈ ആക്രമണത്തിന് പിന്നാലെ, പുത്തന്‍ തീവ്രവാദ സംഘടനയായ തെഹ്‌രീക് ലബെയ്ക് ലാ മുസ്ലീം(ടിഎല്‍വൈഎം) എന്നൊരു സംഘടന ഇല്ലാതാക്കിയെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. കശ്‌മീരിലെ വിവിധ ജില്ലകളില്‍ നടത്തിയ തെരച്ചിലിലാണ് സംഘടനയെ ഉന്‍മൂലനം ചെയ്‌തത്.
Also Read: സിസിടിവിയില്‍ കുടുങ്ങി തോക്കുധാരിയായ ഭീകരന്‍, ദൃശ്യം ഗഗന്‍ഗിര്‍ ആക്രമണ സ്ഥലത്ത് നിന്ന്; അന്വേഷണം