മെൽബൺ : ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിയെ കുത്തിക്കൊന്ന കേസിൽ ഇന്ത്യൻ വംശജരായ രണ്ട് സഹോദരങ്ങൾ അറസ്റ്റിൽ. അഭിജിത്ത് (26), റോബിൻ ഗാർട്ടൻ (27) എന്നിവരാണ് അറസ്റ്റിലായത്. ന്യൂ സൗത്ത് വെയിൽസിലെ ഗോൽബണിൽ വച്ച് ചൊവ്വാഴ്‌ച (ഏപ്രിൽ 7) ആണ് ഇരുവരെയും പിടികൂടിയത്.
ഹരിയാന സ്വദേശിയായ എംടെക് വിദ്യാർഥി നവജീത് സന്ധു(30)വിനെ കുത്തിക്കൊന്ന കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്. വാടക പ്രശ്‌നത്തിൻ്റെ പേരിൽ ഇന്ത്യൻ വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായപ്പോൾ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നവജീതിന് കുത്തേറ്റത്. നവജീതിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം കഴിഞ്ഞ ഞായറാഴ്‌ച(ഏപ്രിൽ 5) മുതൽ ഇരുവരും ഒളിവിൽ കഴിയുകയായിരുന്നു. കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തതെന്നാണ് വിവരം. പ്രതികളെ വിക്ടോറിയയിലേക്ക് കൈമാറാൻ കോടതി അനുവദിച്ചതായും ഇതിനായി ഗോൽബൺ പൊലീസ് നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
Also Read: ചീട്ടുകളിക്കിടെ വാക്കുതര്‍ക്കം; പാലായില്‍ യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊന്നു